തിരുവനന്തപുരം: ജെ.ഡി.യുവിനെ ഇടതു മുന്നണിയിലെടുക്കുന്നതിനെ ചൊല്ലി ജനതാദള്‍ എസില്‍ ഭിന്നത. ജെ.ഡി.യുവിന്റെ ഇടതു പ്രവേശനത്തെ എതിര്‍ക്കുന്ന മാത്യു ടി തോമസ് വിഭാഗം വീരേന്ദ്രകുമാറും കൂട്ടരും ജനതാദള്‍ എസില്‍ ലയിക്കണമെന്ന് ഉപാധി വച്ചു. മതേതര കക്ഷികള്‍ ഒന്നിക്കണമെന്നാണ് കൃഷ്ണന്‍ കുട്ടി അനുകൂലികളുടെ പക്ഷം.

ജെ.ഡിയുവിനെ ഇടതു മുന്നണിയിലെടുക്കുന്നതിനെ ചൊല്ലി ജനതാദള്‍ എസ് സംസ്ഥാന സമിതിയിലുണ്ടായത് ചൂടേറിയ ചര്‍ച്ച. 2009 ല്‍ പാര്‍ട്ടി വിട്ടു പോയത് തെറ്റായിപ്പോയെന്ന് വീരേന്ദ്രകുമാര്‍ ഏറ്റു പറയണമെന്ന് മന്ത്രി മാത്യു ടി തോമസ് ആവശ്യപ്പെട്ടു. കുലം കുത്തികളെന്ന് വിളിച്ചാണ് പോയത്. കുലം നിലനിര്‍ത്തിയത് താനും സഹപ്രവര്‍ത്തകരാണ്. അതിനാല്‍ ഇടതു മുന്നണിയിലേയ്ക്ക് വരുന്നെങ്കില്‍ ജെ.ഡി.എസില്‍ ജെ.ഡിയു ലയിക്കണം അതേ സമയം മാത്യു ടി തോമസ് വിഭാഗത്തിന്റെ ഉപാധിയെ കൃഷ്ണന്‍കുട്ടി അനുകൂലികള്‍ പിന്താങ്ങുന്നില്ല .

മുന്നണിയയില്‍ നിന്ന് വിട്ടുപോയവര്‍ മാതൃസംഘടനയില്‍ ലയിച്ചു വരണമെന്നാണ് നേരത്തെ സി.പി.എം പറഞ്ഞിരുന്നതെന്ന് ജെ.ഡി.എസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വീരേന്ദ്രകുമാറിന്റെ കാര്യത്തില്‍ ഈ ഉപാധി വയ്ക്കുന്നില്ലെന്നാണ് ഈ ചേരിയുടെ പരാതി. യു.ഡി.എഫ് വിടുമെന്ന ജെ.ഡിയുവിലെ രണ്ടാം നിര നേതാക്കള്‍ പറയുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതെന്തിനെന്ന വീരേന്ദ്ര കുമാര്‍ വ്യക്തമാക്കണമെന്നും ജെ.ഡി.എസ് സംസ്ഥാന സമിതിയില്‍ ആവശ്യമുയര്‍ന്നു. വിഷയം പാര്‍ട്ടി ഭാരവാഹി യോഗം വീണ്ടും ചര്‍ച്ച ചെയ്യും.