ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ജെഡിയു സംസ്ഥാന ഘടകം തീരുമാനിച്ചു. ഇതിന് പിന്നാലെ സംസ്ഥാനത്ത് മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ചകളും സജീവമാവുകയാണ്.

നിതീഷ് കുമാര്‍ ബി.ജെ.പിയുമായി അടുക്കുന്നതോടെ ഇനി ദേശീയ നേതൃത്വുമായുള്ള ബന്ധം വേണ്ടെന്ന നിലപാടിലാണ് ജെ.ഡി.യു സംസ്ഥാന ഘടകം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് മുന്നിലുണ്ട്. ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതോടെ ജെ.ഡി.യു എന്ന പേര് മാറ്റാനും ആലോചനയുണ്ട്. സോഷ്യലിസ്ററ് ജനതയെന്ന പഴയ പേരില്‍ അറിയപ്പെടാനാകും സാധ്യത.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ് വീരേന്ദ്രകുമാര്‍ ദില്ലിയില്‍ നിന്ന് തിരിച്ചെത്തുന്നതോടെ പാര്‍ട്ടി നിര്‍ണ്ണായക ചര്‍ച്ചകളിലേക്ക് നീങ്ങുകയാണ്. മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കും. ഇടത് മുന്നണിയിലേക്ക് തന്നെയെന്ന തീരുമാനത്തില്‍ വീരേന്ദ്രകുമാറും അദ്ദേഹത്തെ പിന്തുണക്കുന്നവരും എത്തിച്ചേര്‍ന്നെന്നാണ് വിവരം. പാര്‍ട്ടിയിലെ ന്യൂനപക്ഷത്തിന്റെ എതിര്‍പ്പിനെ കാര്യമാക്കേണ്ടെന്നാണ് ധാരണ. ദേശീയ നേതൃത്വത്തിന്റെ ചുവടു മാറ്റത്തിന് പിന്നാലെ വീരേന്ദ്രകുമാറും മുഖ്യമന്ത്രി പിണറായിയും ആശയവിനിമയം നടത്തിയെന്നാണ് അറിയുന്നത്.