പട്ന: യുവാവിനെ വെടിവച്ചു കൊന്ന കേസില്‍ ബിഹാര്‍ എംഎല്‍സി മനോരമ ദേവിയുടെ മകന്‍ റോക്കി യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിത്യ സച്ച്ദേവ എന്ന ഇരുപതുകാരനെയാണു വെടിവച്ചു കൊന്നത്. തന്റെ വാഹനത്തെ ആദിത്യ മറികടന്നതിനായിരുന്നു വെടിയുതിര്‍ത്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

ബുദ്ധ ഗയയില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു മടങ്ങവെയാണ് റോക്കി ആദിത്യയ്ക്കു നേര്‍ക്കു നിറയൊഴിച്ചത്. റോക്കിയുടെ ആഢംബര കാറിനെ ആദിത്യയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ മറികടന്നപ്പോള്‍ പ്രകോപിതനായ റോക്കി വെടിയുതിര്‍ക്കുകയായിരുന്നു.

റോക്കി കുറ്റം സമ്മതിച്ചു. ഇയാളില്‍നിന്നു തോക്കും വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവ സമയത്ത് റോക്കിയുടെ അച്ഛനും ഒപ്പമുണ്ടായിരുന്നു. അച്ഛന്‍ ബിന്ദേശ്വരി പ്രസാദ് യാദവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവശേഷം റോക്കി ഒളിവിലായിരുന്നു. റോക്കിയാണ് വെടിയുതിര്‍ത്തതന്ന് ഒപ്പമുണ്ടായിരുന്ന അംഗരക്ഷകനെ ചോദ്യംചെയ്തതില്‍നിന്നാണു പൊലീസ് സ്ഥിരീകരിച്ചത്.

റോക്കിയുടെ പിതാവ് ബിന്ദേശ്വരി പ്രസാദ് യാദവ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്.