തിരുവനന്തപുരം: ജെ.ഡി.യു കേരള ഘടകം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ബന്ധം വിച്ഛേദിച്ചു. രാജ്യസഭാംഗത്വം രാജിവയ്‌ക്കാനും വേണ്ടിവന്നാല്‍ തയ്യാറാണെന്ന് ജെഡി യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. ജെ.ഡി.യു കേരള ഘടകത്തെ ഇടതുമുന്നണിയിലേയ്‌ക്ക് സി.പി.എം ക്ഷണിച്ചപ്പോള്‍ യു.ഡി.എഫ് വിടേണ്ട സാഹചര്യമില്ലെന്നാണ് ജെ.ഡി.യുവിന്റെ മറുപടി.

സോഷ്യലിസ്റ്റ് ജനത പുനരുജ്ജീവിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഭാവി പരിപാടികള്‍ ആലോചിക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ചയായേക്കും.അതേസമയം, വീരേന്ദ്രകുമാറിനെയും കൂട്ടരെയും എല്‍.ഡി.എഫിലെത്തിക്കാന്‍ ശ്രമിക്കുന്ന സി.പി.എം ബിഹാര്‍ രാഷ്‌ട്രീയം തുറന്നു കൊടുത്ത സാധ്യത മുതലക്കാക്കി നീക്കം സജീവമാക്കി . ജെ.ഡി.യു യു.ഡി.എഫ് വിടില്ലെന്ന് വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

അതേസമയം, പാര്‍ട്ടിയിലെ ഇടതു മുന്നണി അനുകൂലികള്‍ മുന്നണി മാറ്റമെന്നാവശ്യം പിന്‍വലിച്ചിട്ടില്ല. പുതിയ സാഹചര്യം മുന്നണി മാറ്റം എളുപ്പമാക്കിയെന്നാണ് അവരുടെ പക്ഷം. പാര്‍ട്ടി പ്രതിനിധിക്ക് വീണ്ടും രാജ്യസഭയിലെത്തണമെങ്കില്‍ എല്‍.ഡി.ഫില്‍ ചേരണം.എന്നാല്‍ യു.ഡി.എഫ് വിടുന്നതിനെ ചൊല്ലി കടുത്ത ഭിന്നതയും പാര്‍ട്ടിയിലുണ്ട്.ഈ ഭിന്നത മുന്നണി മാറ്റത്തിന് തടയിടുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.