ദില്ലി: ബിജെപിക്കെതിരെ ദേശീയതലത്തില്‍ നിതീഷ് കുമാറിനെ മുന്നില്‍ നിര്‍ത്തി വിശാലസഖ്യം രൂപീകരിക്കണമെന്ന നിര്‍ദ്ദേശവുമായി ജെഡിയു രംഗത്തെത്തി.ഇതിനിടെ ഗോവയില്‍ ബിജെപി ഭരണം പിടിച്ചതിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ വിമര്‍ശനം ഇന്നും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി.

അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് വിശാലപ്രതിപക്ഷ ഐക്യത്തിനുള്ള സാധ്യത കോണ്‍ഗ്രസ് ഇന്നലെ തേടിയിരുന്നു.ഇതിന് പിന്നാലെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന നിര്‍ദ്ദേശവുമായി ജെഡിയു രംഗത്ത് വന്നത്

ഈ നിര്‍ദ്ദേശത്തെ സിപിഐ പിന്‍താങ്ങി. മതേതരകക്ഷികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് സിപിഐയുടെ പ്രതികരണം. എന്നാല്‍ ബിഹാറില്‍ വിശാലസഖ്യത്തില്‍ നിന്നും മാറി നിന്ന സിപിഎം നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ പിന്തുണക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇടതുപക്ഷത്തിന്റ നേതൃത്വത്തില്‍ വിശാലസഖ്യം വേണമെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവന സഖ്യം വേണ്ടെന്ന നേരത്തെയുള്ള നിലപാടില്‍ നിന്നുള്ള മാറ്റമായാണ് വിലയിരുത്തുന്നത്. ഇതിനിടെ ഗോവയില്‍ ഗവര്‍ണര്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭ സ്തംഭിപ്പിച്ചു. ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഈ വിഷയം ഉന്നയിച്ച് ബഹളം വച്ചു. ഇതിനിടെ കോണ്‍ഗ്രസിന്റെ തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ഗാന്ധിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം പുകയുന്നതിനിടെ ഗോവയില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി രാജി വച്ചു, മുതിര്‍ന്ന നേതാവ് സാവിയോ റോഡ്രിഗസാണ് രാജി വച്ചത്.