4500 വിദ്യാര്‍ഥികള്‍ ചേര്‍ന്നൊരുക്കിയ ലോകത്തിലെ വലിയ പിക്ചര്‍ മൊസൈക്കാണ് ഇടം പിടിച്ചത് 

ജിദ്ദ: നാലായിരത്തി അഞ്ഞൂറ് വിദ്യാര്‍ഥികള്‍ക്ക് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആഹ്ലാദത്തിലാണ് ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ നവംബര്‍ 14ന് അബീര്‍ ഗ്രൂപ്പ് ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളുമായി സഹകരിച്ചു ഒരുക്കിയ ലോകത്തിലെ വലിയ പിക്ചര്‍ മൊസൈക്കാണ് ഗിന്നസ് റെക്കോര്‍ഡിന്റെ ഭാഗമായത്. 

പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും പേരുകള്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് ഗിന്നസ് അധികൃതര്‍ നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജിദ്ദയില്‍ എത്തിയത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ്‌, അബീര്‍ ഗ്രൂപ്പ് പ്രസിഡന്റ്‌ ആലുങ്ങല്‍ മുഹമ്മദ്‌ തുടങ്ങിയവര്‍ വിതരണം ചെയ്തു. കൂടാതെ സ്കൂളിനുള്ള ഗിന്നസ് സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ കൈമാറി.