കനത്ത മഴയെ തുടര്‍ന്ന് ജിദ്ദയില്‍ ഇന്നലെ അനുഭവപ്പെട്ട സ്തംഭനം ഭാഗികമായി തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും പ്രവര്‍ത്തിച്ചില്ല. പല തുരങ്കങ്ങളും ഇപ്പോഴും തുറന്നില്ല. ഇന്നലെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗത തടസ്സം ജിദ്ദയിലെ പല ഭാഗത്തും പൂര്‍ണ തോതില്‍ പുനസ്ഥാപിച്ചിട്ടില്ല. സിവില്‍ ഡിഫന്‍സും, ട്രാഫിക് വിഭാഗവും, നഗരസഭയും വഴിതടസ്സമൊഴിവാക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം നിറഞ്ഞതിനാല്‍ പല തുരങ്കങ്ങളും ഇപ്പോഴും തുറന്നിട്ടില്ല.
വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ച 220 വാഹനങ്ങള്‍ റോഡുകളില്‍ നിന്നും നീക്കി. മഴയെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയതും സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കിയതും വലിയ നാശനഷ്ടങ്ങള്‍ ഒഴിവാക്കി. ഇതുസംബന്ധമായി പത്ത് ലക്ഷത്തിലധികം മെസ്സേജുകള്‍ ആണ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് അയച്ചത്.
ജിദ്ദയില്‍ ഇന്നലെ അമ്പത്തിയാറു മില്ലീമീറ്റര്‍ മഴ ലഭിച്ചതായാണ് കണക്ക്. 2009-നും 2011-നും ശേഷം ലഭിക്കുന്ന ഏറ്റവും വലിയ മഴയാണിത്. മൂന്നു പേര്‍ മരണപ്പെട്ടു. 481 പേരെ വാഹനങ്ങളില്‍ നിന്നും മറ്റും രക്ഷപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഇരുപത്തിയൊമ്പത് പേര്‍ ചികിത്സ തേടി. ഇതില്‍ ഒമ്പതും ഷോക്കേറ്റവരാണ്. അതേസമയം കോടികള്‍ ചെലവഴിച്ചിട്ടും കുറ്റമറ്റ ഡ്രൈനേജ് സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന പരാതി പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. 2009-ലെ വെള്ളപ്പൊക്കത്തിനു ശേഷം നിരവധി ഡ്രൈനേജ് പദ്ധതികള്‍ ആണ് നഗരത്തില്‍ നടപ്പിലാക്കിയത്.
