ഇടുക്കി: ദേശീയ തലത്തില്‍ ആയോധന കലയില്‍ മികവ് തെളിയിച്ച് തോട്ടം മേഖലയിലെ വിദ്യാര്‍ത്ഥികള്‍. ആയോധനകലയില്‍ അധികം വേരോട്ടമില്ലാത്ത തോട്ടം മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് നേട്ടം കൊയ്ത് താരങ്ങളായത്. ആയോധന കലയിലെ ജനപ്രിയ ഇനമായ കുങ്ഫുവിലെ ജീത്ത് കുണ്ടോയിലാണ് വിജയം.
ഏഴാമത് ദേശീയ റൂറല്‍ ഗെയിംസിലാണ് വിദ്യാര്‍ത്ഥികളുടെ നേട്ടം. ഈ ഇനത്തില്‍ പതിനേഴ് വയസ്സില്‍ താഴെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ പ്രസ് വണ്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫൈസല്‍ സ്വര്‍ണ്ണമെഡലിന് അര്‍ഹമായി. പത്തൊന്‍പത് വയസില്‍ താഴെയുള്ള വിഭാഗത്തില്‍ കൃഷ്ണകുമാര്‍ സ്വര്‍ണ്ണമെഡലിന് അര്‍ഹനായി. ദേശീയ ഗെയിംസില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള എട്ടു സംസ്ഥാനങ്ങളില്‍ നിന്നായി 200 ഓളം പേര്‍ ഗെയിംസില്‍ പങ്കെടുത്തു.
തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ സേലത്ത് വച്ച് കഴിഞ്ഞ മാസം 24 മുതല്‍ 26 വരെയായിരുന്നു ഗെയിംസ്. മൂന്ന് മാസം ഇന്‍ഡോറില്‍ വച്ച് ദേശീയ തലത്തില്‍ നടന്ന മറ്റൊരു ഗെയിംസിലും ഇരുവരും സ്വര്‍ണ്ണമണിഞ്ഞിരുന്നു. എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ള ചന്ദ്രശേഖറിന്റെ കീഴിലാണ് ഇവര്‍ പരിശീലനം നടത്തുന്നത്.
