കോഴിക്കോട്: കോഴിക്കോട് ഭക്ഷ്യ വിഷബാധയേറ്റ് നാലു വയസ്സുകാരന്‍ മരിച്ചത് ജെല്ലി മിഠായി കഴിച്ച് തന്നെയെന്നതിന് കൂടുതല്‍ തെളിവുകള്‍. കുട്ടിക്കൊപ്പം അമ്മയും ജെല്ലിമിഠായി കഴിച്ച അമ്മയ്ക്കും ഭക്ഷ്യ വിഷബാധയുണ്ടായിരുന്നു. അമ്മയുടെ അസുഖത്തിനു കാരണം ജെല്ലി മിഠായി തന്നെയാണ് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടയിലാണ് കോഴിക്കോട് മൊഫ്യൂസില്‍ ബസ്റ്റാന്‍ഡിലെ റോയല്‍ ബേക്കറിയില്‍ നിന്ന് അമ്മയും കുട്ടിയും ജെല്ലി മിഠായി വാങ്ങിക്കഴിച്ചത്. ഇതിനുശേഷമാണ് രണ്ടുപേരും ആശുപത്രിയിലായതും, കുഞ്ഞ് മരിച്ചതും. അമ്മ സൂഹറാ ബീവിക്ക് ഭക്ഷ്യ വിഷബാധയേറ്റത് ജെല്ലി മിഠായിയിയില്‍ നിന്ന് തന്നെയെന്ന് തെളിയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടില്ല. റിപ്പോര്‍ട്ടില്‍, മരണകാരണം ജെല്ലി മിഠായിയാണെന്ന് തെളിഞ്ഞാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകു എന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം തന്നെ ബേക്കറി പൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നൊട്ടിസ് നല്‍കിയിരുന്നു.
