പത്തനംതിട്ട: ജസ്നയുടെ സുഹൃത്തിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സഹോദരൻ ജെയ്സ്. സുഹൃത്തിനെ പേടിപ്പിക്കാനാണ് മരിക്കുന്നു എന്ന സന്ദേശം മുൻപ് അയച്ചതെന്ന് എന്ന് ജസ്ന പറഞ്ഞിരുന്നു. കാണാതാകുന്നതിന് തലേന്ന് ജസ്ന അയച്ച സന്ദേശങ്ങൾ മുഴുവൻ സൃഹൃത്ത് കൈമാറിയിട്ടില്ലെന്നും ജെയ്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജസ്ന സുഹൃത്തിന് അയച്ച മെസേജ് ഒരു ആത്മഹത്യാ സൂചനയായി കാണുന്നില്ല. കാണാതാകുന്നതിന് തലേദിവസം അയച്ച സന്ദേശങ്ങൾ മുഴുവൻ സുഹൃത്ത് വീട്ടുകാർക്ക് ഫോ‍ർവേഡ് ചെയ്തിരുന്നില്ലെന്ന് സഹോദരൻ പറഞ്ഞു. സുഹൃത്തുമായി നിരന്തരം ഫോണിൽ സംസാരിക്കുന്ന വിവരം ബന്ധുക്കൾ ശ്രദ്ധയിൽപ്പെടുത്തിരുന്നു. 

തുടർന്ന് സുഹൃത്തിനോടും ജസ്നയോടും ഇക്കാര്യം ചോദിച്ചു. എന്നാൽ പ്രണയമൊന്നും ഇല്ലെന്ന് ഇരുവരും വ്യക്തമാക്കി.  അന്വേഷണത്തിന്‍റെ തുടക്കത്തിൽ പൊലീസ് ഉദാസീനതകാണിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം വീട്ടുകാർ ശേഖരിച്ച് പൊലീസിന് കൈമാറുകയായിരുന്നു. കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്താൽ തുമ്പുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സഹോദരന്‍ പറഞ്ഞു.