ചെങ്കല്‍പ്പേട്ടില്‍ കണ്ട മൃതദേഹം ജസ്നയുടേതല്ലെന്ന് സഹോദരന്‍

കാഞ്ചീപുരം: തമിഴ്നാട്ടിലെ കാഞ്ചീപുരം ചെങ്കല്‍പേട്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജസ്നയുടേതല്ലെന്ന് സ്ഥിരീകരിച്ചു. ജസ്നയുടെ സഹോദരന്‍ ജയ്സാണ് കാഞ്ചീപുരത്തെത്തി മൃദദേഹം കണ്ട ശേഷം ജസ്നയുടേതല്ലെന്ന് വ്യക്തമാക്കിയത്.

ജസ്നയുടെ ഉയരവും പല്ലിലെ ക്ലിപ്പിലും സമാനതകളില്ലെന്നാണ് സഹോദരന്‍ വ്യക്തമാക്കിയത്. ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്ന് തമിഴ്നാട്ടിലെ കാഞ്ചിപുരത്തെത്തി മൃതശരീരം പരിശോധിച്ചു. ഡിഎന്‍എ പരിശോധനയും നടത്തി മൃതദേഹം ജസ്നയുടേതല്ലെന്ന് ഉറപ്പുവരുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ചെങ്കൽപ്പേട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പല്ലിൽ കമ്പി കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പല്ലില്‍ ക്ലിപ്പിട്ടതടക്കമുള്ള സൂചനകള്‍ ലഭിച്ചതോടെയാണ് മൃതദേഹം ജസ്നയുടെതാണോ എന്ന് സംശയത്തിന് കാരണമായത്. മുഖം ഏതാണ്ട് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം. മെയ് 28നായിരുന്നു കാഞ്ചീപുരത്ത് ദേശീയ പാതയ്ക്കരികിൽ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. 

മാർച്ച് 22ന് കാണാതായ ജസ്നയെക്കുറിച്ച്, 70 ദിവസം കഴിഞ്ഞിട്ടും പൊലീസിന് ഒരു വിവരവും കിട്ടിയിട്ടില്ല. കേരളത്തിനകത്തും പുറത്തും മൂന്ന് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണവും എങ്ങുമെത്തിയില്ല. തുടർന്ന് പ്രതിഷേധവുമായി കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.