കൊച്ചി: ജസ്നയുടെ തിരോധാനം സംബന്ധിച്ച് ഷോൺ ജോർജും ജസ്നയുടെ സഹോദരനും നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണയിൽ ഉള്ളതിനാൽ ഹേബിയസ് കോർപസ്‌ ഹർജി നിലനിൽക്കില്ല.  പോലീസ് അന്വേഷണം തൃപ്തികരമാണ്. 

ജസ്‌ന അന്യായ തടങ്കലിലാണെന്നു തെളിയിക്കാൻ ആയിട്ടില്ല. ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതൊരു തട്ടിക്കൊണ്ടു പോകൽ കേസല്ല. കുട്ടിയെ കാണാതായ കേസ് ആണ്. ആ കേസില്‍ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

പൊലീസ് അന്വേഷണം തൃപ്തികരമല്ല എന്ന് കരുതുന്നുണ്ടെങ്കിൽ മറ്റു മാർഗങ്ങൾ തേടാം. ഇപ്പോഴത്തെ ഉത്തരവിലെ നിരീക്ഷണങ്ങൾ മറ്റു ഹർജികൾക്ക് ബാധകം ആവില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ജസ്നയെ കാണാതായിട്ട് 90 ദിവസം പിന്നിട്ടിട്ടും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. ശേഷം അച്ഛന്‍റെ പരാതിയില്‍ ഇതര സംസ്ഥാനങ്ങളിലടക്കം ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.