പത്തനംതിട്ട: വെച്ചുച്ചിറയിൽ നിന്ന് കാണാതായ കോളേജ് വിദ്യാർഥിനി ജസ്നയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. ജസ്നയുടെ സുഹൃത്തും ഈ ദൃശ്യങ്ങൾ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.

ജസ്നയെ കാണാതായ മാർച്ച് 22 ലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. നേരത്തെ ഇടിമിന്നലിൽ നശിച്ച ദൃശ്യങ്ങൾ സൈബർ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് വീണ്ടെടുക്കുകയായിരുന്നു.

രാവിലെ 11.45 ന്  കടയുടെ മുന്നിലൂടെ ജസ്ന നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇതിന് മിനിട്ടുകൾക്ക് ശേഷം സുഹൃത്തും ഇതുവഴി കടന്ന് പോയി. എന്നാൽ ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളില്ലെന്നാണ് വിവരം. ജീൻസും ടോപ്പും ധരിച്ച് കയ്യിൽ ബാഗുമായ ജസ്ന പോകുന്നതാണ് ദൃശ്യം. 

എന്നാൽ വീട്ടിൽ നിന്നും ജസ്ന ചുരിദാർ ധരിച്ചാണ് ഇറങ്ങിയതെന്നാണ് നേരത്തെ പൊലീസിന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നത്. അതുകൊണ്ട് തന്നെ പുതിയ ദൃശ്യങ്ങൾ അന്വേഷണത്തിൽ വഴിത്തിരിവുണ്ടാകുമെന്നാണ് കരുതുന്നത്.ഇതിന്‍റെ അടിസ്ഥാനത്തിൽ ജസ്നയുടെ സുഹൃത്തുക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. 

എരുമേലിയിൽ ജസ്ന ബസിൽ യാത്ര ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു. ജസ്നയെ കാണാതായി 100 ദിവസം കഴിഞ്ഞിട്ടും തെളിവുകളൊന്നും ലഭിക്കാത്തത് പൊലീസിനും തലവേദനയായിരുന്നു. ഇതിനിടയിലാണ് പുതിയ ദൃശ്യങ്ങൾ ലഭിക്കുന്നത്.