നെയ്മർ തിരിച്ചെത്തുന്ന മത്സരത്തില്‍ ബ്രസീലിന് പുതിയ നായകന്‍
ആൻഫീൽഡ്: ക്രൊയേഷ്യക്കെതിരായ സന്നാഹമത്സരത്തില് ബ്രസീലിനായി സ്ട്രൈക്കർ നെയ്മർ കളിക്കുമെന്നുറപ്പായി. ക്രൊയേഷ്യക്കെതിരെ രണ്ടാം പകുതിയിലാവും നെയ്മറെ പരിശീലകന് ടിറ്റെയിറക്കുക. കഴിഞ്ഞ ദിവസം ബ്രസീല് ടീമിന്റെ പരിശീലനത്തില് നിന്ന് വിട്ടുനിന്നതോടെ നെയ്മറുടെ സന്നാഹ- ലോകകപ്പ് മത്സരങ്ങളിലെ പങ്കാളിത്തത്തെ കുറിച്ച് ആശങ്കളുയർന്നിരുന്നു.
എന്നാല് നെയ്മർ തിരിച്ചെത്തുന്ന മത്സരത്തില് മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഗബ്രിയേല് ജീസസാണ് ബ്രസീലിനെ നയിക്കുക. പരിശീലകനായി സ്ഥാനമേറ്റ ശേഷം ടിറ്റെ നടപ്പാക്കുന്ന റൊട്ടേഷന് പോളിസി അനുസരിച്ചാണ് ജീസസിന് നറുക്കുവീണത്. അപ്രതീക്ഷിതമായി ബ്രസീല് നായകനായി അവസരം ലഭിച്ചത് ഞെട്ടിച്ചുവെന്നായിരുന്നു ജീസസിന്റെ പ്രതികരണം. ഇന്ത്യന് സമയം രാത്രി 7.30നാണ് ബ്രസീല്- ക്രൊയേഷ്യ സന്നാഹമത്സരം.
