അഹമ്മദാബാദ്: മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് പോയ ജെറ്റ് എയര്‍വെയ്സ് വിമാനം സുരക്ഷാ ഭീഷണിയെത്തുടർന്ന്  ഗുജറാത്തിലെ അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലർച്ചെ 2.55ന് പറന്നുയർന്ന  9W339 വിമാനം 3.45ന് അഹമ്മദാബാദിൽ ലാന്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തെത്തിച്ച പരിശോധന നടത്തി. ഫോൺവഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജെറ്റ് എയര്‍വെയ്സ് തയ്യാറായില്ല.