കാസര്‍കോട്: കാസര്‍കോട് ബന്തടുക്കയില്‍ ജ്വല്ലറി കവര്‍ച്ച. ടൗണിലെ സുമംഗലി ജ്വല്ലറിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളി ആഭരണങ്ങളുമാണ് കവര്‍ന്നത്.

രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതറിഞ്ഞത്. ജ്വല്ലറിയുടെ പിറകുവശത്തെ ചുമര് തുരന്ന നിലയിലായിരുന്നു. പുലര്‍ച്ചയോടെയാണ് ചുമര്‍ തുരന്ന് കവര്‍ച്ചാസംഘം ജ്വല്ലറിയില്‍ കയറിയതെന്ന് സംശയിക്കുന്നു. ഇരുമ്പലമാര തകര്‍ത്താണ് സ്വര്‍ണ്ണ വെള്ളി ആഭരണങ്ങള്‍ കവര്‍ന്നത്. വിവരമറിഞ്ഞ് കാസര്‍കോട് ഡിവൈഎസ്‌പി എം വി സുകുമാരന്റെ നേതൃതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും ജ്വല്ലറിയിലെത്തി പരിശോധന നടത്തി.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ നാലിന് സുമംഗലി ജ്വല്ലറിയുടെ പ്രധാന ശാഖയായ കുണ്ടംകുഴിയിലെ ജ്വല്ലറിയില്‍ സമാനമായ രീതിയിലുള്ള കവര്‍ച്ച നടന്നിരുന്നു. അന്ന് 450 ഗ്രാം സ്വര്‍ണവും നാലുകിലോ വെള്ളി ആഭരണങ്ങളുമാണ് കവര്‍ന്നത്. ഈ കേസിലെ പ്രതികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.