അഹമ്മദാബാദ്: വിമാനത്തിന്റെ ടോയ്‍ലറ്റില്‍ ഭീഷണി സന്ദേശം ഒളിപ്പിച്ച് വെച്ച് പരിഭ്രാന്തി പരത്തിയതിന് മുംബൈയിലെ പ്രമുഖ ജ്വല്ലറി ഉടമയായ ബിജു കിശോര്‍ സല്ലയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ജെറ്റ് എയര്‍വെയ്സ് വിമാനമാണ് ഭീഷണി സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് അഹമ്മദാബാദില്‍ അടിയന്തരമായി ഇറക്കിയത്. വിമാനം റാഞ്ചല്‍ തടയല്‍ നിയമം അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേസ് എന്‍.ഐ.എക്ക് കൈമാറുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്ന് ഗുജറാത്ത് പൊലീസ് ജോയിന്റ് കമ്മീഷണര്‍ ജെ.കെ ഭട്ട് പറഞ്ഞു. കോടീശ്വരനായ ബിജു കിശോര്‍ സല്ല വിമാനക്കമ്പനി പൂട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ടോയ്‍ലറ്റില്‍ ഒളിപ്പിച്ചുവെച്ചതെന്ന് പൊലീസ് പറയുന്നു. കമ്പനി പൂട്ടിയാല്‍ ജെറ്റ് എയര്‍വേയ്സിന്റെ ദില്ലി ഓഫീസില്‍ ജോലി ചെയ്യുന്ന തന്റെ കാമുകി ജോലി അവസാനിപ്പിച്ച് തന്നോടൊപ്പം വന്ന് മുംബൈയില്‍ താമസിക്കുമെന്നായിരുന്നത്രെ ഇയാളുടെ ധാരണ. ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ വിതരണം ചെയ്തിരുന്ന ഭക്ഷണത്തില്‍ പാറ്റയെ കണ്ടെന്ന് ആരോപിച്ച് നേരത്തെ ഇയാള്‍ വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയിരുന്നു. ഇയാള്‍ക്ക് മറ്റ് ഏതെങ്കിലും സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

115 യാത്രക്കാരും ഏഴ് ജീവനക്കാരുമുണ്ടായിരുന്ന വിമാനം പറന്നുയര്‍ന്ന ശേഷമാണ് ടോയ്‍ലറ്റില്‍ ബോംബ് ഭീഷണി സന്ദേശം കൊണ്ടുവെച്ചത്. വിമാനത്തിന്റെ കാര്‍ഗോ ഏരിയയില്‍ ബോംബും വിമാനം റാഞ്ചാനുള്ള ആളുകളുമുണ്ടെന്നായിരുന്നു സന്ദേശം. ഉറുദുവിലും ഇംഗ്ലീഷിലും അച്ചടിച്ച സന്ദേശത്തില്‍ വിമാനം പാക് അധിവേശ കാശ്മീരിലേക്ക് പറത്തണമന്നായിരുന്നു ആവശ്യപ്പെട്ടിരുനന്ത്. അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ പാക് അധിവേശ കാശ്മീരിനെ ആസാദ് കശ്മീര്‍ എന്നാണ് വിളിക്കുന്നത്. ഇത് മനസിലാക്കിയ അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ മറ്റ് വഴികളിലേക്ക് അന്വേഷണം നീക്കുകയായിരുന്നു. തുടര്‍ന്നാണ് ബിജു കിശോര്‍ സല്ല പിടിയിലായത്.