റാഞ്ചി: സര്‍ക്കാര്‍ സ്‌കൂളില്‍ ബീഫ് പാകം ചെയ്തതിന് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയിലെ മാല്‍പഹഡി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. മതവികാരം വ്രണപ്പെടുത്തിയതിനാണ് പ്രിന്‍സിപ്പല്‍ റോസ ഹന്‍സ്ദയെ അറസ്റ്റ് ചെയ്‍ത്. കുട്ടികള്‍ക്ക് മാംസം വിതരണം ചെയ്ത സഹായി ബിര്‍ജു ഹന്‍സ്ദയയെയും പോലീസ് അറസ്റ്റു ചെയ്തു. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രണ്ട് പേരെയും ജയിലിലടച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യുന്നത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ബീഫ് പാകം ചെയ്ത് നല്‍കി എന്നാണ് ഇവര്‍ക്കെതിരെ കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കുട്ടികള്‍ക്ക് നല്‍കിയത് പശുവിറച്ചിയാണോ പോത്തിറച്ചിയാണോ എന്ന പരിശോധനയ്ക്കായി മാംസം ലാബിലേക്കയച്ചു.

പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം 2005ലാണ് ജാര്‍ഖണ്ഡ് പാസ്സാക്കുന്നത്. അഞ്ച് വര്‍ഷം തടവും 5000രൂപ പിഴയുമാണ് നിയമ ലംഘകര്‍ക്ക് ശിക്ഷ.