റാഞ്ചി: ജാർഖണ്ഡിൽ ആദിവാസി പെണ്‍കുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് ഒരുകൂട്ടം വിദ്യാർഥിനികൾ വിവസ്ത്രയാക്കി മർദ്ദിച്ചു. ശേഷം ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദുംകയിലെ വനിതാ കോളജിലാണ് സംഭവം. പെണ്‍കുട്ടി ഹോസ്റ്റൽ സഹവാസികളിൽ ഒരാളുടെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്ന മർദ്ദനം.
ശാന്തൽ പർഗാന വനിതാ കോളജിൽ ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. എന്നാൽ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിയിൽ പ്രചരിച്ചതോടെയാണ് പുറം ലോകം വിവരം അറിയുന്നത്.
സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൽ പ്രചരിച്ചതോടെ പെൺകുട്ടിയോടൊപ്പം പിതാവും ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. അതേസമയം സംഭവം നടന്നയുടൻ പൊലീസ് സ്റ്റേഷനിലും എസ്.സി.എസ്.ടി പൊലീസിലും പരാതി നൽകിയെങ്കിലും പരാതി സ്വീകരിച്ച് തുടർനടപടികളെടുക്കാൻ ആരും തയ്യാറായില്ലെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.
തന്റെ മകളുടെ മാനം പോയി. ഇനി അവൾക്കെങ്ങനെ സമൂഹത്തിൽ ഇറങ്ങി നടക്കാൻ സാധിക്കും ആര് അവളെ വിവാഹം ചെയ്യുമെന്നും ആത്മഹത്യയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ പറയുന്നു. പ്രദേശത്ത് ചെറുകിട ചെയ്താണ് പെണ്‍കുട്ടിയും കുടുംബവും കഴിയുന്നത്. സംഭവത്തിന് ശേഷം ജോലിക്ക് പോകാൻ പോലും സാധിക്കുന്നില്ലെന്നും അച്ഛൻ പറയുന്നു.
മോഷ്ടിച്ചെന്ന ആരോപണം പെൺകുട്ടി നിഷേധിച്ചിട്ടുണ്ട്. തന്റെ കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയ്ക്ക് വാങ്ങിയ സെക്കൻഡ് ഹാന്ഡ് മൊബൈൽ ഫോൺ കണ്ട് തെറ്റിദ്ധരിച്ചാണ് അവർ തന്നോട് ഇങ്ങനെ ചെയ്തതെന്നും സംഭവത്തിന് ശേഷം ഹോസറ്റലിൽ വിദ്യാർഥികൾ സംഘം ചേർന്ന് 18,600 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ പ്രതികൾ ആരും തന്നെ രക്ഷപ്പെടില്ലെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ദുംക എസ്.പി മായൂർ പട്ടേൽ പറഞ്ഞു. ഇരയുടെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്ന കോളജ് സൂപ്രണ്ട്, ഹോസ്റ്റൽ വാർഡൻ എന്നിവർക്കെതിരെ പോലീസ് നടപടി എടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ വാട്സ് ആപ്പ് വഴിയും മറ്റു സാമൂഹ്യമാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
