ഇടുക്കി: ജിബിന് സ്‌കൂളില്‍ പോകണം അതിന് സുമനസ്സുകളുടെ സഹായം വേണം. എല്ലുകള്‍ക്ക് ബലമില്ലാത്തതിനാല്‍ എഴുന്നേറ്റ് നടക്കുവാന്‍ കഴിയാതെ കട്ടിലില്‍ ജീവതം തള്ളിനീക്കുന്ന രാജാക്കാട് കുത്തുങ്കല്‍ നെല്ലിക്കുന്നേല്‍ ലീലാമ്മയുടെ മകന്‍ ജിബിനാണ് കളിചിരിയുടെ ലേകത്ത് ഓടിനടക്കുവാന്‍ സുമനസ്സുകളുടെ സഹായം തേടുന്നത്. കളിയും ചിരിയും കുസൃതിയും കുറുമ്പുമായി കൂട്ടുകാര്‍ക്കൊപ്പം ഓടിനടക്കുന്ന ഒരു ബാല്യകാലം അതാണ് ഈ പത്തുവയസ്സകാരന്‍ ആഗ്രഹിക്കുന്നത്. 

രണ്ടരവയസ്സ് മുതലാണ് എല്ലുകള്‍ക്ക് ബലമില്ലാത്ത അവസ്ഥ കണ്ടെത്തുന്നത്. അന്നുമുതല്‍ ചികിത്സയും ആരംഭിച്ചു. രണ്ടുമാസം മാത്രം അംഗന്‍വാടിയില്‍ പോയതാണ് ജിബിന്റെ വിദ്യാഭ്യാസ കാലം. ഇതിനുശേഷം രോഗം മൂലം സ്‌കൂളിലേയ്ക്ക് പോകുവാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് ഇവന്റെ ഏറ്റവും വലിയ ആഗ്രഹം കുടയും ബാഗും വാട്ടര്‍ബോട്ടിലുമായി സ്‌കൂളിലേയ്ക്ക് നടന്നുപോകണം. കൂട്ടുകാരുമായി ഓടിക്കളിക്കണം. പിതാവ് ഉപേക്ഷിച്ച് പോയ ജിബിനും അമ്മയ്ക്കും ഏക ആശ്രയം ജിബിന്റെ മൂത്ത സഹോദരന്‍ ജോബിയാണ്. പരസഹായമില്ലാതെ ഒന്നും ചെയ്യുവാന്‍ കഴിയാത്തതിനാല്‍ മാതാവ് ലീലാമ്മയ്ക്ക് ജോലിക്ക് പോകുവാനും സാധിക്കില്ല. 

കൂലിവേലക്കാരനായ ജോബിയുടെ ഏക വരുമാനമാണ് ജിബിന്റെ ചികിത്സയ്ക്കും നിത്യ ചിലവുകള്‍ക്കും ഏക ആശ്രയം. ആധുനീക സംവിധാനമുള്ള ആശുപത്രികളിലേയ്ക്ക് പോകുവാന്‍ ഉള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ അടിമാലി താലൂക്ക് ആശുപത്രിയിലാണ് നിലവില്‍ ചികിത്സ നടത്തുന്നത്. ജിബിന്റെ അവസ്ഥ കേട്ടറിഞ്ഞ മുല്ലക്കാനം സാഞ്ചോ കോളേജിലെ വിദ്യാര്‍ത്ഥികളും സെവന്‍സ് ഓട്ടോ എസ്എച്ച്ജി ഭാരവാഹികളും ജിബിന്റെ വീട്ടിലെത്തി. നടക്കുവാന്‍ കവിയാത്ത ജിബിന് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ വീല്‍ചെയറുമായിട്ടാണ് എത്തിയത്. 

തങ്ങളാല്‍ കഴിയുന്ന സഹായം ഇനിയും എത്തിച്ച് നല്‍കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ജിബിന് വിദഗ്ദ ചികിത്സ നല്‍കുന്നതിനായി ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ മാതാവ് ലീല്ലാമ്മയുടെ പേരില്‍ രാജാക്കാട് ഫഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുറന്ന് ചികിത്സാ സഹായനിധിയും രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍. 17460100075685, ഐഎഫ്എസ്‌സി കോഡ് എഫ്ഡിആര്‍എല്‍ 0001746.