കേസില്‍ പിടിയിലായ പ്രതി അമിറുള്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ കോടതി അനുമതി നല്‍കി.തിങ്കഴാഴ്ച തിരിച്ചറിയല്‍ പരേഡ് നടത്തിയേക്കുമെന്നാണ് സൂചന.

ജിഷ വധക്കേസില്‍ പിടിയിലായ പ്രതി ആസാം സ്വദേശി അമിറുള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ കോടതിയിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തന്റെ ഇംഗിതത്തിന് വഴങ്ങാത്തതിലുളള വൈരാഗ്യം മൂലമാണ് പ്രതി ജിഷയെ കൊലപ്പെടുത്തിയതെന്ന് ആലുവ റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്‌പി സമര്‍പ്പിച്ച റിപ്പര്‍ട്ടില്‍ പറയുന്നു. വൈകുന്നേരം അഞ്ചു മണിക്കാണ് പ്രതി ജിഷയുടെ വീട്ടിലെത്തിയത്. ലൈംഗികാസക്തിയോടെ ജിഷയെ കടന്നു പിടിച്ച പ്രതി എതിര്‍ത്തപ്പോള്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജിഷയെ പലതവണ കുത്തി. ഇംഗിതം നടക്കാത്തതിലുളള കടുത്ത വിദ്വേഷം മൂലം ജനനേന്ദ്രിയത്തില്‍ കത്തി കയറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഎന്‍എ പരിശോധനയിലും പ്രതി അമിറുള്‍ ഇസ്ലാമാണെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

അതിനിടെ കേസില്‍ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ എറണാകുളം സിജെഎം കോടതി അനുമതി നല്‍കി. കുന്നുംപുറം മജിസ്‌ട്രേറ്റിന്റ സാന്നിധ്യത്തിലാകും തിരിച്ചറിയല്‍ പരേഡ് നടക്കുക. രണ്ടു ദിവസത്തിനുളളില്‍ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം. അതേസമയം കേസില്‍ അമിറഉള്‍ ഇസ്ലാമിന്റെ സുഹൃത്ത് മൂര്‍ഷിദാബാദ് സ്വദേശി സുജന്റെ രഹസ്യമൊഴി കോതമംഗലം കോടതി രേഖപ്പെടുത്തി.