Asianet News MalayalamAsianet News Malayalam

ജിഷയുടെ അമ്മ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലിക്കു പോയിട്ടുണ്ടെന്ന് അച്ഛന്‍; ഡിജിപി ഇന്നു പെരുമ്പാവൂരില്‍

jisha father statement
Author
First Published Jun 4, 2016, 1:16 AM IST

കൊച്ചി: ജിഷ വധക്കേസ് അന്വേഷണം വിലയിരുത്തുന്നതിനായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നു പെരുമ്പാവൂരിലെത്തും.  ഉച്ചയ്ക്കു മുന്‍പു കൊച്ചിയില്‍ എത്തുന്ന ഡിജിപി, അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന എഡിജിപി ബി. സന്ധ്യ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

ജിഷയുടെ കുറുപ്പംപടിയിലെ വീടും ഡിജിപി ബെഹ്‌റ സന്ദര്‍ശിച്ചേക്കും. സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ ഉടന്‍ ജിഷ കൊലക്കേസ് അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്‍കുമെന്നു ഡിജിപി അറിയിച്ചിരുന്നു. കേസ് തെളിയിക്കാന്‍ സിബിഐ അന്വേഷണ മാതൃക അവലംബിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിനിടെ, ജിഷാ വധക്കേസില്‍ പ്രത്യേക അന്വേഷണസംഘം ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ മൊഴിയെടുത്തു. ജിഷയുടെ അമ്മ രാജേശ്വരി കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലിക്ക് പോയിട്ടുണ്ടെന്നു പാപ്പു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍, ജിഷ ആ സമയത്ത് കൊച്ചുകുട്ടിയായിരുന്നുവെന്നും പാപ്പു പറയുന്നു.

ജിഷ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ആലുവ പോലീസ് ക്ലബ്ബില്‍ കൊണ്ടുപോയാണ് ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ മൊഴിയെടുത്തത്. ഡിവൈഎസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. ജിഷയുടെ അമ്മ രാജേശ്വരി തന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം തെറ്റാണെന്നു പാപ്പു മൊഴിയെടുക്കാന്‍ പോകുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആ സമയത്ത് ജിഷയും ദീപയും കൊച്ചുകുട്ടികളായിരുന്നു. കല്യാണത്തിനു മുന്‍പും രാജേശ്വരി അവിടെ ജോലിക്ക് പോയിട്ടുണ്ട്. ഈ വിവരം അന്വേഷണസംഘത്തെ അറിയിക്കുമെന്നു പാപ്പു പറഞ്ഞു. ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ വന്‍ശക്തികളാണെന്ന് അന്വേഷണസംഘത്തോട് പറയുമെന്നും പാപ്പു അറിയിച്ചു.

Follow Us:
Download App:
  • android
  • ios