തിരുവനന്തപുരം: ജിഷ കൊലക്കേസ് അന്വേഷണത്തില്‍ ഒരു തുമ്പും കിട്ടാതെ അന്വേഷണ സംഘം നട്ടംതിരിയുന്ന സാഹചര്യത്തില്‍, മികവു തെളിയിച്ച വിരമിച്ച ഉദ്യോഗസ്ഥരില്‍നിന്നു സഹായം തേടാന്‍ പൊലീസ് ഒരുങ്ങുന്നു. ഫൊറന്‍സിക് വിദഗ്ധന്‍ ഉമാദത്തനുമായി ഡിജിപി ചര്‍ച്ച നടത്തി.
കൊലപാതകം നടന്ന് പത്തു ദിവസമായിട്ടും പ്രതിയെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ഇതുവരെയുണ്ടായിട്ടുള്ള കേസുകളില്‍ ഏറ്റവും വിപുലമായ അന്വേഷണ സംഘമാണു ജിഷ കേസ് അന്വേഷിക്കുന്നതിനു രൂപീകരിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് ആട് ആന്റണിയുടെ കേസില്‍ മാത്രമാണ് ഇത്ര വലിയ അന്വേഷണ സംഘം രൂപീകരിച്ചത്.
അഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞാണു അന്വേഷണം പുരോഗമിക്കുന്നത്. ഇവര്‍ക്കു നേതൃത്വം നല്‍കാന്‍ ഡിജിപി കൊച്ചിയില്‍ തങ്ങുന്നു. ഇന്നും ഡിജിപി കൊച്ചിയിലുണ്ട്. കേസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനും എത്രയും വേഗം പ്രതിയെ കണ്ടുപിടിക്കാനുള്ള സമ്മര്‍ദവും കണക്കിലെടുത്താണ് വിവിധ മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ച് പൊലീസില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥരുടെ സഹായം തേടാനുള്ള തീരുമാനം. ഷാഡൊ പൊലീസിന്റെയും സൈബര്‍ സെല്ലല്‍നിന്നു വിരമിച്ചവരുയേയും സേവനമൊക്കെ തേടുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്തവരുടെ വിരലടയാള പരിശോധന നടത്തിയെങ്കിലും അതും പരാജയപ്പെട്ടിരുന്നു ജിഷയുടെ വീടിനു സമീപത്തുനിന്നു കണ്ടെത്തിയ ആയുധങ്ങളില്‍ രക്തക്കറ കണ്ടെത്താത്ത സാഹചര്യത്തില്‍ കൊലയ്ക്ക് ഉപയോഗിച്ചത് ഈ ആയുധങ്ങളല്ലെന്നതും ഏറക്കുറെ ഉറപ്പായിരിക്കുകയാണ്.
