കൃത്യം നടന്ന ജിഷയുടെ വീട്ടിൽ നിന്ന് ലഭിച്ച പ്രതിയുടെതെന്ന് കരുതുന്ന ഡി എൻ എ മാത്രമാണ് അന്വേഷണ സംഘത്തിന്‍റെ കൈവശമുളള കച്ചിത്തുരുമ്പ്. മറ്റ് തെളിവുകളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് സംശയമുളളവരുടെ ഡി എൻ എ പരിശോധന നടത്തി ഒത്തുനോക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇതുവരെ നടത്തിയ പരിശോധനകളൊന്നും ഫലവത്തായില്ല. 

ഇതിനാലാണ് കൂടുതൽ പരിസരവാസികളുടെയും പ്രദേശവാസികളായ കൂടുതൽ അന്യസംസ്ഥാനത്തൊഴിലാളികളുടെയും ഡി എൻ എ പരിശോധന നടത്താൻ തീരുമാനിച്ചത്. എന്നാൽ സമീപത്തെ സി സി ടി വി ക്യാമറയിൽ ജിഷയുടേതെന്നും പ്രതിയുടേതെന്നും സംശയിക്കുന്ന അവ്യക്ത ദൃശ്യങ്ങൾ കിട്ടിയെങ്കിലും ഇതിൽ കൂടുതള മുന്നോട്ട് പോകാനായിട്ടില്ല. കൃത്യം നടത്തിയത് മലയാളിയാണോ അതോ അന്യസംസ്ഥാനത്തൊഴിലാളിയാണോ എന്നുപോലും സ്ഥിരീകരിക്കാനിയിട്ടില്ല. 

കൊലപാതകം നടന്ന ഏപ്രിൽ 28നും തൊട്ടടുത്തദിവസവുമായി അഞ്ച് അന്യസംസ്ഥാനത്തൊഴിലാളികളെ പ്രദേശത്തുനിന്ന് കാണാതായിട്ടിണ്ട്. ഇവരുടെ മൊബൈൽ സിം കാ‍ർഡുകൾ വ്യാജരേഖകൾ ഉപയോഗിച്ചാണെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ജിഷയുടെ കൊതപാതകത്തിൽ ഇവർക്ക് ബന്ധമുണ്ടോയെന്ന് സ്ഥീരീകരിക്കാനിയിട്ടില്ല.