ജിഷ കൊല ചെയ്യപ്പെട്ടിട്ട് ഒന്നരമാസം പിന്നിട്ടിട്ടും വീട്ടുകാരില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. ജിഷയുടെ അമ്മ രാജേശ്വരി വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് ആദ്യ അന്വേഷണസംഘവും പരാതിപ്പെട്ടിരുന്നു. മരണദിവസം ജിഷ വീട്ടിലുണ്ടായിരുന്ന ബ്രഡും പഴവും മാത്രമെ കഴിച്ചിരുന്നുള്ളൂവെന്നാണ് അമ്മ നേരത്തെ മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ജിഷയുടെ വയറ്റില്‍ നിന്ന് ഫ്രൈഡ് റൈസിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല മദ്യത്തിൻറെ അംശവും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമ്മയെയും സഹോദരി ദീപയെയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. 

അമ്മ ഇപ്പോള്‍ കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് രഹസ്യകേന്രത്തിലേക്ക് ഇവരെ മാറ്റാൻ പദ്ധതിയുണ്ട്.ഇതിനായി പെരമ്പാവൂരില്‍ ഒരു വീട് വാടകയ്ക്കെടുത്തതായി സൂചനയുണ്ട്. അതെസമയം ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പെരുമ്പാവൂരിലെ ട്രാഫിക് പൊലീസ് പൊലീസ് സ്റ്റേഷനില്‍ തൊഴിലാളികളുടെ ദേഹപരിശോധന നടത്തി. ജിഷയുടെ വീടിനു സമീപത്തെ സ്കൂളില്‍ നിര്‍മ്മാണ ജോലിചെയ്തിരുന്നവരെയാണ് പരിശോധിച്ചത്. ഇവരുടെ ദേഹത്ത് സംശയകരമായ എന്തെങ്കിലും മുറിവോ പാടോയുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്.