അതേ സമയം ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് പുതിയ രേഖാചിത്രം തയ്യാറാക്കി. ഇപ്പോള്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. നേരത്തെ തയ്യാറാക്കിയ രേഖാചിത്രം ജിഷയുടെ അമ്മ രാജേശ്വരിയോ അയല്‍ക്കാരോ തിരിച്ചറിഞ്ഞിരുന്നില്ല. ജിഷയുടെ വീടിനടുത്ത് ഒരാളെ കണ്ടതായുള്ള മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് രേഖാചിത്രം തയാറാക്കിയത്. എന്നാലിത് തിരിച്ചറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് വീണ്ടും രേഖാചിത്രം തയാറാക്കിയത്.

അതേസമയം നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജിഷയുടെ സഹോദരി ദീപ രംഗത്ത് എത്തി. തനിക്ക് ഇതരസംസ്ഥാന തൊഴിലാളിയായ സുഹൃത്ത് ഇല്ലെന്ന് ജിഷയുടെ സഹോദരി ദീപ മാധ്യമങ്ങളോട് പറഞ്ഞു. വീട് പണിക്കെത്തിയ രണ്ട് പേര്‍ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പറഞ്ഞ ദീപ. ഇവര്‍ മലയാളികളാണെന്നും, തന്‍റെ സുഹൃത്തുക്കളാരും ജിഷയെ പരിയപ്പെട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പോലീസ് കഥകള്‍ ചമയ്ക്കുന്നു എന്ന വാര്‍ത്ത പോലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.