കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷ മറ്റൊരു കൊലപാതകത്തിന്‍റെ ദൃസാക്ഷിയായിരുന്നു എന്ന് വെളിപ്പെടുത്തല്‍. പെരുമ്പാവൂരിലെ ഓട്ടോഡ്രൈവറായ കെ.വി നിഷ വാര്‍ത്താസമ്മേളനത്തില്‍ ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത്. മെട്രോ വാര്‍ത്ത പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പെരുമ്പാവൂരിലെ പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നുവെന്നാണ് നിഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതില്‍ കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ലെന്നും ഇവര്‍ ആരോപിച്ചു. പാറമടയിലെ കൊലപാതകത്തിന്റെ കാര്യം അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് അന്വേഷിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ലെന്നും നിഷ ആരോപിക്കുന്നു.

ഈ വിഷയത്തില്‍ തെളിവുകള്‍ ശേഖരിക്കാനായാണ് ജിഷ പെന്‍ക്യാമറ വാങ്ങിയത്. ജിഷയുടെ അമ്മ രാജേശ്വരിക്ക് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നെന്നും നിഷ പറയുന്നു. ജിഷയുടെ അമ്മയ്ക്കു പുറമേ അമ്മായിക്കും ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. അവര്‍ക്ക് ഇക്കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും നിഷ പറയുന്നു.

ജിഷ കൊലചെയ്‌തെന്നു പറയുന്ന അമീര്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് വിശ്വാസിക്കാനാവുന്നില്ലെന്നും നിഷ പറയുന്നു. 2016 ഏപ്രില്‍ 28ന് രാത്രിയാണ് ജിഷയെ പെരുമ്പാവൂരിലെ കുറുപ്പംപടിയിലെ കനാല്‍ പുറമ്പോക്കിലുള്ള ഒറ്റമുറി ഷെഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ പ്രതിയെശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി വന്നത് ഡിസംബര്‍ 14നാണ്. അമീര്‍ ഉള്‍ ഇസ്‌ലമിന് വധശിക്ഷയാണ് കോടതി വിധിച്ചത്.