പൊതു പ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കൽ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം വേലായുധൻ എന്നിവർ വഞ്ചിച്ചെന്നാണ് ജിഷയുടെ പിതാവ് പാപ്പുവിന്‍റെ ആരോപണം. കേസ് നടത്തിപ്പിന് സഹായം വാഗ്ദാനം ചെയ്താണ് ഇരുവരും അടുത്ത് കൂടിയത്. എന്നാൽ ഇപ്പോൾ ഫോൺ വിളിച്ചാൽ പോലും പ്രതികരണമില്ല. ഇതിനിടെ ജോമോൻ പുത്തൻ പുരയ്ക്കലിനെതിരെ പാപ്പു നൽകിയ ഹർജി പിൻവലിപ്പിക്കുകയും ചെയ്തു. ജിഷയുടെ പിതാവ് പ്രമുഖനായൊരു കോൺഗ്രസ് നേതാവാണെന്ന് പ്രചരിപ്പിച്ചത് അപകീർത്തിയുണ്ടാക്കി എന്ന് കാണിച്ചാണ് ജോമോനെതിരെ പാപ്പു ഹർജി നൽകിയിരുന്നത്.
പി.എൻ വേലായുധന്‍റെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തിയ ശേഷം ബിജെപി നേതാക്കളെ കാണാനില്ലെന്നും പാപ്പു ആരോപിക്കുന്നു. പെരുമ്പാവൂർ കുറുപ്പംപടിയിലെ വീട്ടിൽ ഒറ്റയ്ക്കാണ് പാപ്പുവിന്‍റെ താമസം. സഹായികളെല്ലാം കൈവിട്ട ശേഷം മരുന്ന് വാങ്ങാൻ പോലും നിവൃത്തിയില്ല. കോടതി വിധിച്ച ജീവനാംശം ലഭിച്ച ശേഷം ജിഷ കേസിലെ പുനരന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് പാപ്പുവിന്‍റെ തീരുമാനം.
