ജിഷക്കേസിലെ അന്വേഷണഘട്ടത്തില്‍ പുറത്തു വന്ന പലവിവരങ്ങളും, കുറ്റപത്രത്തിലെ വിശദാംശങ്ങളും തമ്മില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. പ്രതിയുടെ ലൈംഗികാഭിനിവേശമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍‍ ഉള്ളത്. പ്രതിയ്‌ക്ക് ജിഷയുമായി മുന്‍പരിചയമില്ലെന്നും പറയുന്നു. അതേസമയം അമീര്‍ സ്ഥിരമായി ജിഷയെ ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നാണ് ജിഷയുടെ അമ്മ ഏഷ്യാനെറ്റ് ന്യുസിനോട് സംസാരിച്ചപ്പോള്‍ പറഞ്ഞത്. കൊലപാതകത്തിന്‍റെ തലേദിവസവും അമീര്‍ വീട്ടിലെത്തിയിരുന്നെന്നും അമ്മ രാജേശ്വരി കഴിഞ്ഞദിവസം പറഞ്ഞു.
എന്നാല്‍ പ്രതിയെ അറസ്റ്റു ചെയ്ത സമയത്ത് ജിഷയുടെ അമ്മയും സഹോദരിയുടെയും പറഞ്ഞിരുന്നത് ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. അമീറുമായി യാതൊരു മുന്‍പരിചയവും ഇല്ലെന്നായിരുന്നു അന്ന് രാജേശ്വരിയും ജിഷയുടെ സഹോദരി ദീപയും പറഞ്ഞിരുന്നത്. ജിഷയുടെ അമ്മയുടെ വാക്കുകളിലെ വൈരുദ്ധ്യങ്ങളും പോലീസിന്റെ കുറ്റപത്രത്തിലെ നിരവധി പഴുതുകളും കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ഏതുതരത്തില്‍ ബാധിക്കുമെന്നാണ് ഇനി അറിയേണ്ടത്.