അറസ്റ്റിലായ ശേഷവും പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പൊലീസിനെ വഴിതെറ്റിക്കാനാണ് പ്രതി ശ്രമിച്ചത്. നാലുപേര്‍ ചേര്‍ന്ന് ജിഷയെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് അത് മാറ്റി, കൊലപ്പെടുത്തിയത് രണ്ട് പേരാണെന്ന് പറഞ്ഞു. എന്നാല്‍ പൊലീസ് തെളിവുകള്‍ ഒരോന്നായി നിരത്തിയതോടെ ഇയാള്‍ വഴങ്ങി. ഇയാള്‍ തന്നെയാണ് പ്രതിയെന്ന് ഉറപ്പിക്കാനായി നടന്ന സംഭവങ്ങള്‍ വരച്ചുകാണിക്കാന്‍ പൊലീസ് സംഘം ഇയാളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജിഷയുടെ വീടിന് സമീപത്തെ ഇടവഴിയിലൂടെ എത്തിയതും ജിഷയെ കുത്തിവീഴ്ത്തിയതും ഇയാള്‍ വിവരിച്ചു. മരണ വെപ്രാളത്തില്‍ വെള്ളം ചോദിച്ചപ്പോള്‍ കൈയ്യിലുണ്ടായിരുന്ന മദ്യം വായിലൊഴിച്ച് കൊടുത്തെന്നും ഇയാള്‍ പറഞ്ഞു. മരണം ഉറപ്പാക്കി തിരിച്ചിറങ്ങി നടന്നതുവരെയുള്ള സംഭവങ്ങള്‍ ഇയാള്‍ വിവരിച്ചുകൊടുത്തു. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവരെയും പൊലീസ് ഇന്ന് ചോദ്യം ചെയ്യലിനിടെ കൊണ്ടുവന്നിരുന്നു. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനെയും പൊലീസ് ക്ലബ്ബില്‍ കൊണ്ടുവന്നിരുന്നു.

അതേസമയം കാഞ്ചീപുരത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തന്ത്രപരമായാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പഴങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രതി ജോലിക്ക് ശേഷം സമീപത്തെ പഴക്കടയില്‍ സ്ഥിരമായി എത്താറുണ്ടായിരുന്നെന്നും പൊലീസ് മനസിലാക്കി. വേഷം മാറിയാണ് പൊലീസ് ഇവിടെ കാത്തിരുന്നത്. ജോലി കഴിഞ്ഞ് ഇറങ്ങി വന്ന പ്രതിയുടെ പേര് വിളിച്ചതോടെ ഇയാള്‍ തിരിഞ്ഞുനോക്കി. ഓടാന്‍ ശ്രമിച്ചപ്പോഴേക്കും പൊലീസ് സംഘം പിടികൂടി. വാഹനത്തിനുള്ളില്‍ വെച്ചും പൊലീസുകാരെ ഇയാള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആദ്യം ഭാഷ അറിയില്ലെന്ന് നടിച്ചു. ദ്വിഭാഷിയെ കൊണ്ടുവന്നതോടെ അതും പൊളിഞ്ഞു. അതോടെയാണ് മൊഴിമാറ്റിപ്പറയാന്‍ ശ്രമിച്ചത്. ഒടുവില്‍ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ സത്യം തുറന്നുപറയുകയായിരുന്നു.