ജിഷ്ണു പ്രണോയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ വാദം തള്ളി മാതാപിതാക്കള്‍. സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ അവകാശ വാദം തെറ്റാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. നീതി കിട്ടണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ അമ്മ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്‍റെ വീടിന് മുന്നില്‍ സമരം ആരംഭിക്കും.

ജിഷ്ണുവിന്‍റെ മരണത്തെക്കുറിച്ചുളള അന്വേഷണത്തില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തെന്നായിരുന്നു മുഖ്യമന്ത്രി വാദിച്ചത്. എന്നാല്‍ ഈ നിലപാട് പാടെ തള്ളുകയാണ് കുടുംബം. മകന്‍ മരിച്ച് ഒരു മാസമായിട്ടും സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് ജിഷ്ണുവിന്‍റെ അച്ഛനും അമ്മയും പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ പോലും അന്വേഷണ സംഘം ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിട്ടും അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്നും ജിഷ്ണുവിന്‍റെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തി.

ജിഷ്ണു മരിച്ച അന്നു മുതല്‍ ആഹാരം പോലും കഴിക്കാതെ കിടപ്പിലാണ് അമ്മ. നീതി കിട്ടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 13ന് നെഹ്റു കോളേജിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും തുടര്‍ന്ന് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്‍റെ വീടിനു മുന്നില്‍ അമ്മ സമരം ആരംഭിക്കും. ജിഷ്ണുവിന്‍റെ സുഹൃത്തുകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി നിശ്ചയിച്ച സമരത്തിന് പിന്‍തുണയുമായി സിപിഎം എത്തിയിട്ടുണ്ട്.