നീതി തേടി ജിഷ്ണു പ്രണോയിയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്. നെഹ്റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ അമ്മ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. ഇതേ വിഷയത്തില്‍ പ്രോസിക്യൂഷനും ഉടന്‍ സുപ്രീംകോടതിയെ സമീപിക്കും.

ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടിയില്ലെന്ന പരാതിയുമായാണ് ജിഷ്ണു പ്രണോയിയുടെ കുടുംബം ഒടുവില്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്. കേസിലെ പ്രതി നെഹ്റു കോളോജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. വ്യാഴാഴ്ചക്കുളളില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. ഇതിന് പിന്നാലെയാവും ജിഷ്ണുവിന്‍റെ അമ്മ സ്വകാര്യം അന്യായം ഫയല്‍ചെയ്യുന്നത്.കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് മുന്‍പ് പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപവും ഉന്നയിക്കും.

നേരത്തെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ജിഷ്ണുവിന്‍റെ അമ്മ അഞ്ച് ആവശ്യങ്ങളടങ്ങുന്ന നിവേദനം സമര്‍പ്പിച്ചിരുന്നു. തൃശൂര്‍ റൂറല്‍ എസ്പിയടക്കമുള്ള h`ലീസ് ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിച്ചു, പോസ്റ്റ്മോര്‍ട്ടം അട്ടിമറിച്ച തൃശൂര്‍ മെഡിക്കല്‍കോളേജാശുപ്ത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണം, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെതിരെ അന്വേഷണം വേണം, കൃഷ്ണദാസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദുചെയ്യാന്‍ ഇടപെടല്‍ നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുന്നതിനെ കുറിച്ചും കുടുംബം ആലോചിക്കുന്നുണ്ട്.