ദില്ലി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതിയില്‍ സിബിഐ. ഇത് അന്തർസംസ്ഥാന കേസല്ലെന്നും അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സിബിഐ സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കി. വാദത്തിനിടെ സിബിഐയെയും അഭിഭാഷകനെയും കോടതി വിമര്‍ശിച്ചു.
ഇന്ന് രാവിലെ ജിഷ്ണു പ്രണോയി കേസ് പരിഗണിക്കവേയാണ് കേസ് അന്വേഷിക്കാന്‍ ആവില്ലെന്ന് സിബിഐ വ്യക്തമാക്കിയത്. സിബിഐ ഏറ്റെടുക്കാന്‍ തക്ക പ്രത്യേകതകളുള്ള കേസല്ല ഇതെന്ന് സിബിഐ അറിയിച്ചു. ഇത് അന്തര്‍ സംസ്ഥാന കേസല്ലെന്നും പൊലീസും ക്രൈംബാഞ്ചും നടത്തുന്ന അന്വേഷം തൃപ്തികരമാണെന്നും സിബിഐ വ്യക്തമാക്കി. കേസ് അന്വേഷിക്കാനുള്ള എല്ലാ സാഹചര്യങ്ങളും കേരളത്തിലുണ്ടെന്നും സിബിഐ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് സിബിഐക്ക് കോടതിയുടെ വിമർശനം. വിജ്ഞാപനം വന്ന് നാലു മാസം സിബിഐ എന്തു ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. ഇത്തരം നിലപാടുകളോട് യോജിക്കാനാകില്ലെന്നും സർക്കാർ ആവശ്യപ്പെട്ടാൽ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സിബിഐ അഭിഭാഷകനെയും കോടതി വിമർശിച്ചു.
കേസിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്ന് സിബിഐ അഭിഭാഷകൻ പറഞ്ഞപ്പോള്‍ പിന്നെ ആരാണ് ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചു.
