തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അറസ്റ്റിലാകാത്ത പ്രതികളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാന്‍ പൊലീസ് നടപടി തുടങ്ങി. ഡി ജി പി ലോക്‌നാഥ് ബെഹ്റയാണ് ഉറപ്പിനെത്തുടര്‍ന്ന് നാളെ മുതല്‍ ഡി ജി പിയുടെ ഓഫീസിനു മുന്നില്‍ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ നിന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും തത്കാലം പിന്‍മാറി. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും.

ജിഷ്ണു പ്രണോയികേസില്‍ ഒളിവിലുള്ള മൂന്ന് പ്രതികളുടെ സ്വത്ത് വകകളാണ് കണ്ടു കെട്ടുന്നത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നുവെന്ന് കരുതുന്ന നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, അസ്റ്റിസ്റ്റന്റ് പ്രൊഫസര്‍മാരായ പ്രവീണ്‍, ദിപിന്‍ എന്നിവരെ പിടികൂടാനുള്ള ശ്രമം പൊലീസ് ശക്തമാക്കി. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജിഷ്ണുവിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കി.

നാളെ മുതല്‍ ഡി ജി പി ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ കുടുംബവും നാട്ടുകാരും നടത്താനിരുന്ന അനിശ്ചിതകാല നിരാഹര സമരം മാറ്റിവച്ചു. അടുത്ത മാസം അഞ്ചിനകം പ്രതികളെ പിടികൂടിയില്ലെങ്കില്‍ മരണം വരെ നിരാഹാര സമരം നടത്താനാണ് തീരുമാനം. നാളെ സുപ്രീംകോടതി പരിഗണിക്കുന്ന ജിഷ്ണു പ്രണോയ് കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അറ്റോണി ജനറല്‍ മുകുള്‍ റോത്തക്കി ഹാജരാകും. കേസില്‍ കക്ഷി ചേരാനുള്ള ജിഷ്ണു പ്രണോയിന്റെ അമ്മ മഹിജയുടെ അപേക്ഷയും നാളെ സുപ്രീംകോടതിയിലെത്തും. മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനാണ് ജിഷ്ണഉവിന്റെ അമ്മയ്ക്കുവേണ്ടി ഹാജരാകുന്നത്.