തിരുവനന്തപുരം: ആരോഗ്യനില വഷളായതിനാല്‍ ജിഷ്ണുവിന്‍റെ അമ്മ മഹിജയെ ഐസിയുവിലേക്ക് മാറ്റി.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്കാണ് മഹിജയെ മാറ്റിയത്. ബലപ്രയോഗം നടത്തിയ പൊലീസുകാർക്കെതിരായ നടപടി വൈകുന്നതിലും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ നിലപാടിലും പ്രതിഷേധിച്ച് മഹിജ സമരം ശക്തമാക്കിയിരുന്നു.

ജ്യൂസ് ഉൾപ്പെടെയുള്ള പാനീയങ്ങൾ മഹിജ കഴിക്കുന്നതായി ആശുപത്രി അധികൃത‍ർ ഉച്ചയോടെ വാർത്താകുറിപ്പിറക്കിയിരുന്നു. ഇത് ശരിയല്ലെന്ന വിശദീകരിച്ച മഹിജയും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തും വൈകീട്ട് മരുന്നും ഡ്രിപ്പും വേണ്ടെന്ന് പറഞ്ഞു. ഇതോടെയാണ് മഹിജയുടെ ആരോഗ്യനില വഷളയാത്. പിന്നീട് ആശുപത്രി അധികൃതർ നിർബന്ധപൂർവ്വം ഇരുവർക്കും ഡ്രിപ്പ് നൽകി തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ പൊലീസ് നടപടിയെ ന്യായീകരിക്കാൻ സർക്കാർ ശ്രമിച്ചതിൽ ദുഃഖമെന്ന് മഹിജ അഭിപ്രായപ്പെട്ടിരുന്നു. തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ പരസ്യം നൽകിയതെന്നും സർക്കാരിനെതിരെ സംസാരിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നും മഹിജ പറഞ്ഞു. കോടികൾ മുടക്കിയാണ് സർക്കാർ പത്രപ്പരസ്യം നൽകിയതെന്നും മഹിജ ആരോപിച്ചിരുന്നു .

അതേസമയം ജിഷ്ണവിന്റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ് . അവിഷ്ണയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കിലും നിരാഹാരം പിൻവലിക്കാൻ തയ്യാറല്ല എന്നു തന്നെയാണ് നിലപാട് . ഒരു ബലപ്രയോഗ ത്തിലൂടെ അവിഷ്ണയേയും കുടുംബത്തേയും ആശുപത്രിയിലേക്ക് മാറ്റണ്ട എന്നു തന്നെയാണ് പൊലീസിന്റെയും തീരുമാനം . 

നാദാപുരം ഡിവൈഎസ്പി കെ ഇസ്മയിലിന്റെ നേരിട്ടുള്ള നിർദേശത്തിൽ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കളക്ടറുടെ നിർദേശ പ്രകാരം ഇന്നലെ കൊയിലാണ്ടി തഹസിൽദാറും സ്ഥലത്തുണ്ടായിരുന്നു.

ഇന്ന് അവർ ജിഷ്ണവിന്‍റെ വീട്ടീൽ തുടരും . തഹസിൽദാറുടെ നിർദേശ പ്രകാരം മെഡിക്കൽ സംഘം സ്ഥലത്ത് തുടരുകയാണ്. അവിഷ്ണയ് ക്ക് ആവശ്യമായ വൈദ്യസഹായം വീട്ടിൽ തന്നെ നൽകാനാണിത്. ബന്ധുക്കളും നാട്ടുകാരും അവിഷ്ണ യ്ക്കൊപ്പം നിരാഹാരമിരിക്കുന്നത് തുടരും.