തൃശൂര്‍: ജിഷ്ണു പ്രണോയ് ചരമ വാർഷിക ദിനം, അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥികൾ. സ്റ്റാഫുകളുടെ എണ്ണത്തിൽ കുറവുണ്ടെന്ന് പറഞ്ഞ് ജിഷ്ണുവിന്റെ ചരമവാർഷിക ദിനത്തിൽ കോളജിന് അവധി നൽകിയതായാണ് ആരോപണം. അനുസ്മരണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് അവധി നൽകിയിരിക്കുന്നതെന്ന് എസ് എഫ് ഐ ആരോപിക്കുന്നു.

ഈ വർഷം ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം വാർഷികത്തിൽ ജനുവരി 5ന് എസ് എഫ് ഐ അനുസ്മരണം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ജനുവരി അഞ്ച് മുതൽ എട്ട് വരെ അവധി നൽകി കൊണ്ട് കോളജ് സർക്കുലർ പുറത്തിറത്തിയിരിക്കുകയാണെന്ന് വിദ്യാർഥികൾ പറയുന്നു. മൂല്യനിർണയ ചുമതല ഉള്ളതിനാൽ ജീവനക്കാരുടെ കുറവുള്ളതിനാലാണ് അവധി എന്നാണ് സർക്കുലറിൽ പറയുന്നത്. 

എന്നാൽ ജിഷ്ണു അനുസ്മരണം ഒഴിവാക്കാനാണ് അവധിയെന്ന് എസ് എഫ് ഐ ആരോപിക്കുന്നു. അനുസ്മരണത്തിന്‍റെ ദിവസം പുറത്ത് വിടാതിരുന്നത് കൊണ്ടാണ് മൂന്ന് ദിവസം അവധി കൊടുത്തതെന്നും എസ് എഫ് ഐ ആരോപിക്കുന്നു. മാനേജ്മെൻറിന്റയും അധ്യാപകരുടെയും പീഡനം മൂലമായിരുന്നു ജിഷ്ണു ആത്മഹത്യ ചെയ്തതെന്നായിരുന്നു സഹപാഠികളും വീട്ടുകാരും ആരോപിക്കുന്നത്. നിലവിൽ കേസ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.