Asianet News MalayalamAsianet News Malayalam

എസ്എഫ്ഐയ്ക്ക് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ എഴുതിയ കത്ത്

  • എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് പാമ്പാടി നെഹ്റു കോളേജില്‍ വച്ച് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ എഴുതിയ കത്ത് വൈറലാകു
jishnu pranoys mother sends letter to sfi
Author
First Published Jun 25, 2018, 9:08 AM IST

പാലക്കാട്: എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് പാമ്പാടി നെഹ്റു കോളേജില്‍ വച്ച് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ എഴുതിയ കത്ത് വൈറലാകുന്നു. ഞാന്‍ നിങ്ങളുടേ ജിഷ്ണു പ്രണോയിയുടെ അമ്മയാണ് ഇപ്പോള്‍ നിങ്ങള്‍ എല്ലാവരുടേയും അമ്മ എന്ന് തുടങ്ങുന്ന കത്തില്‍ ജിഷ്ണു പ്രണോയ്ക്ക് എസ്എഫ്‌ഐയോട് ഉണ്ടായിരുന്ന സ്‌നേഹത്തെ പറ്റിയാണ് എഴുതിയിരിക്കുന്നത്. എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗമായ നിതീഷ് നാരായണനാണ് കത്ത് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ഈ കത്ത് സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു.

കത്തിന്‍റെ പൂര്‍ണ്ണരൂപം

എന്റെ ഏറ്റവും പ്രിയപ്പെട്ട എസ്.എഫ്.ഐ കുട്ടികളേ.,

ഞാൻ നിങ്ങളുടെ ജിഷ്ണു പ്രണോയുടെ അമ്മ. ഇപ്പോൾ നിങ്ങളുടെയെല്ലാം അമ്മ. എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം കൊല്ലത്ത് വച്ച് നടക്കുന്നതായി അറിഞ്ഞതുമുതൽ ഇങ്ങനൊരു കുറിപ്പെഴുതണമെന്ന് തോന്നി. ഇത് അവന് സന്തോഷമാവും എന്നെനിക്ക് ഉറപ്പുണ്ട്. അവന് അത്രയേറെ ഇഷ്ടമാണ് നമ്മുടെ തൂവെള്ളക്കൊടിയും അതിന്റെ നടുവിലുള്ള രക്തനക്ഷത്രത്തെയും. അവന്റെ പഠനമുറിയിൽ പോരാട്ടത്തിന്റെ വാക്കുകളും ചെഗുവേരയുടെ ചിത്രങ്ങളുമാണ് നിറയെ ഉള്ളത്. എസ്.എഫ്.ഐ സമ്മേളന പ്രതിനിധിയായതിന്റെ ടാഗ് ഇന്നും അവന്റെ മുറിയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

സർഗാത്മകത പൂത്തുലയേണ്ട കലാലയങ്ങൾ കൊലായങ്ങളായി മാറുമ്പോൾ അവൻ കൊളുത്തിവിട്ട തീപ്പന്തം നിങ്ങളേറ്റെടുത്തു. കേരളം കണ്ട വലിയ പോരാട്ടത്തിന് എസ്.എഫ്.ഐ നേതൃത്വം നൽകി. സ്വാശ്രയ കച്ചവടക്കാർ വിറച്ചു. ഈ ലോകത്ത് ഒരമ്മക്കും സ്വന്തം മക്കൾ ചെയ്ത കർമ്മങ്ങൾക്ക് നന്ദി പറയേണ്ടിവന്നിട്ടില്ല. പക്ഷേ ഒരുപാട് ജിഷ്ണു പ്രണോയ്മാർക്ക് എല്ലാമെല്ലാമായിത്തീർന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട മക്കളായ വിജിനും, ജെയ്ക്കിനും, എന്റെ മകന്റെ നീതിക്ക് വേണ്ടി പോരാടിയ ഓരോ എസ്.എഫ്.ഐക്കാർക്കും മനസ് നിറഞ്ഞ് നന്ദി പറയുന്നു.

അതെ, എന്റെ മോൻ മരിച്ചിട്ടില്ല. അവൻ നിങ്ങളിലൊരാളായി നിങ്ങൾക്കൊപ്പമുണ്ട്. പൊരുതി മുന്നേറുന്ന ഓരോരുത്തരിലും ഞാൻ എന്റെ മകനെ കാണുന്നു. വിലങ്ങുകളില്ലാതെ വാ തുറക്കാൻ സ്വാതന്ത്ര്യമുള്ള ഒരു കലാലയം, അതായിരുന്നു നമ്മുടെ ജിഷ്ണുവിന്റെ സ്വപ്നം. അത് പൂവണിയാൻ നിങ്ങൾ കൂടുതൽ കരുത്തരാവണം. അതിന് ഈ സമ്മേളനം നമ്മൾക്ക് ഊർജം പകരും. ഒരിക്കൽ കൂടി വിഷ്ണുവിന്റെ സഖാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ നേരുന്നു. പഴയ എസ്.എഫ്.ഐക്കാരി എന്ന അഭിമാനത്തോടെ..

നിങ്ങളുടെ എല്ലാം അമ്മ,
മഹിജ..

Follow Us:
Download App:
  • android
  • ios