ഒരു പാര്‍ട്ടി കുടുംബത്തിന് പോലും മുഖ്യമന്ത്രിയില്‍ നിന്ന് നീതി കിട്ടുന്നില്ലെന്ന അമര്‍ഷമാണ് ജിഷ്ണുവിന്റെ അമ്മ കത്തിലൂടെ പ്രകടിപ്പിക്കുന്നത്. മകന്റെ മരണം നടന്ന് 24 ദിവസമായിട്ടും യതൊരു അന്വേഷണവും കുടുംബത്തോട് മുഖ്യമന്ത്രി നടത്തിയിട്ടില്ല. വീടിന് തൊട്ടടുത്തുള്ള വേദിയില്‍ വന്ന് മടങ്ങിയിട്ടുപോലും ചാവുകിടക്കയില്‍ കഴിയുന്ന തന്നെ തിരിഞ്ഞു നോക്കിയില്ലെന്നാണ് ജിഷ്ണുവിന്റെ അമ്മ പറയുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിക്കരികില്‍ ബോംബ് സ്ഫോടനമുണ്ടായപ്പോള്‍ നിമിഷങ്ങള്‍ക്കകം ഫേസ്ബുക്കില്‍ മുഖ്യമന്ത്രി തന്റെ പ്രതികരണം കുറിച്ചു. എന്നാല്‍ കുടുംബത്തിന് ആശ്വാസകരമായ ഒരു പ്രതികരണവും മുഖ്യമന്ത്രി നടത്തിയിട്ടില്ലെന്നത് പാര്‍ട്ടി അനുഭാവിയായ തന്നെ നിരാശപ്പെടുത്തിയെന്ന് ജിഷ്ണുവിന്റെ അമ്മ പറയുന്നു.
തുടര്‍ന്ന് കേസ് അട്ടിമറിക്കാനുള്ള ഗൂഡാലോചനയെ കുറിച്ചും ജിഷ്ണുവിന്റെ മരണം ആത്മഹത്യയാക്കാനുള്ള മാനേജ്മെന്റിന്റെ ശ്രമവും മഹിജ ചൂണ്ടിക്കാട്ടുന്നു. കോളേജ് മാനേജ്മെന്റ് നാല് പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടും എന്തുകൊണ്ട് പോലീസിന് അവരെ പിടിക്കാന്‍ കഴിഞ്ഞില്ല?. തുടങ്ങിയ ചോദ്യങ്ങളും ഉന്നയിക്കുന്നു. ചെഗുവേര കഴിഞ്ഞാന്‍ തന്റെ മകന്‍ നേതാവായി കണ്ട പിണറായി വിജയന്‍ ഇനിയും നിരാശപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചാണ് ഒരു പഴയ എസ്.എഫ്.ഐക്കാരിയെന്ന് സ്വയം പരിചയപ്പെടുത്തി ജിഷ്ണുവിന്റെ അമ്മ മഹിജ കത്ത് അവസാനിപ്പിക്കുന്നത്.
