കൊല്ലം: കൊട്ടിയം സ്വദേശി ജിത്തു ജോബിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശരീരഭാഗങ്ങൾ പൂർണമായും കണ്ടെത്താനായില്ലെന്ന് പൊലീസ്. ജിത്തുവിന്റെ കാണാതായ ഇടതുകൈക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കൃത്യത്തിൽ അമ്മയ്ക്കൊപ്പം മറ്റൊരാൾക്കും പങ്കുണ്ടെന്ന് പൊലീസിന് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കുരീപള്ളിയിൽ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 

മകനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ജയമോള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മകനുമായി വഴക്കുണ്ടായെന്നും അതിനൊടുവില്‍ കൊലപ്പെടുത്തിയെന്നുമാണ് ജയമോളുടെ പ്രാഥമിക മൊഴി. ജയമോളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 

കുണ്ടറ എംജിഡിഎച്ച്എസിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തുജോബിനെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാനില്ലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് സ്കെയില്‍ വാങ്ങനായി പോയ മകന്‍ തിരിച്ചെത്തിയില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പത്രങ്ങളില്‍ പരസ്യവും നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീടിന് സമീപത്ത് തന്നെയുള്ള പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാണെന്നാണ് സൂചന. കയ്യിലും കാലിലുമെല്ലാം വെട്ടേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്കെയിൽ വാങ്ങാൻ പുറത്തുപോയശേഷം ജിത്തുവിനെ കാണാതായി എന്നായിരുന്നു രക്ഷിതാക്കള്‍ നൽകിയ പരാതി.