ചാത്തന്നൂര്‍: കുടുംബത്തിൽ സ്വത്ത് തർക്കമില്ലെന്ന് ചാത്തന്നൂരില്‍ കൊല്ലപ്പെട്ട ജിത്തുജോബിന്റെ മുത്തച്ഛൻ. ജയമോള്‍ രക്ഷപ്പെടാൻ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും മുത്തച്ഛന്‍ ആരോപിക്കുന്നു. സ്വത്തിന്റെ കാര്യത്തിന് കുഞ്ഞിനെ കൊല്ലുന്നത് എന്തിനാണെന്നും മുത്തച്ഛൻ നിറകണ്ണുകളോടെ ചോദിക്കുന്നു.

കഴിഞ്ഞ നാല് ദിവസം മുമ്പ് കടയിലേക്ക് സ്കെയില്‍ വാങ്ങാന്‍ പോയ ജിത്തുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പത്രങ്ങളില്‍ ഇതുസംബന്ധിച്ച് പരസ്യവും നല്‍കിയിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ജിത്തുവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്മയുമായി സംസാരിച്ചപ്പോള്‍ പൊലീസിനുണ്ടായ സംശയമാണ് കൊലപാതക വിവരം വെളിച്ചത്തുകൊണ്ടുവന്നത്. വൈകാതെ പ്രതി ജയ കുറ്റം സമ്മതിച്ചു. യാതൊരു കൂസലുമില്ലാതെ താനാണ് കൊന്നതെന്നും മറ്റാരും കൂട്ടിനുണ്ടായിരുന്നില്ലെന്നും ജയ പൊലീസിനോട് പറഞ്ഞു.

അമ്മ ജയ തനിക്ക് വട്ടാണെന്ന് പറഞ്ഞതിനാലാണ് മകനെ കൊലപ്പെടുത്തിയത് എന്നാണ് മൊഴി നല്‍കിയത്. അതേസമയം പ്രതി ജയ കുറച്ചുനാളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ജിത്തുവിന്‍റെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകനും അമ്മയും തമ്മിൽ വലിയ സ്നേഹത്തിലായിരുന്നു. കൊലപ്പെടുത്തിയത് ജയ ആണെന്ന് പൊലീസ് പറയുന്നത് വരെ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും അച്ഛന്‍ പറയുന്നു. തനിക്ക് വട്ടാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയത് കൊണ്ടുള്ള ദേഷ്യം കാരണമാണ് കൊലപ്പെടുത്തിയതെന്ന് ജയ പറഞ്ഞെന്നും ജോബ് പറഞ്ഞു.

കുണ്ടറ എംജിഡിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവിനെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാനില്ലായിരുന്നു. കുരീപള്ളിയിൽ കുടുംബ വീടിന് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്.