ദില്ലി: ജെഎൻയു കാമ്പസിൽ ബിരിയാണി പാകംചെയ്തു കഴിച്ച നാല് വിദ്യാർഥികൾക്ക് പിഴ. സർവകലാശാലയിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിനു സമീപത്തുവച്ച് ബിരിയാണി തയാറാക്കിയ വിദ്യാർഥികൾക്കാണ് അധികൃതർ പിഴ ശിക്ഷ നൽകിയത്. ആറായിരം മുതല്‍ പതിനായിരം വരെയാണ് നാലു പേർക്കും പിഴ ലഭിച്ചത്.
സർവകലാശാല ചീഫ് പ്രോക്ടർ കൗശൽ കുമാറാണ് നടപടി എടുത്തത്. കഴിഞ്ഞ ജൂണിലായിരുന്നു ബിരിയാണി കഥ നടന്നത്. അഡ്മിൻ ബ്ലോക്കിന്റെ പടികൾക്കു സമീപമായിരുന്നു വിദ്യാർഥികളുടെ പാചകം. ബിരിയാണി ഉണ്ടാക്കിയ ശേഷം മറ്റു വിദ്യാർഥികൾക്കൊപ്പം കാമ്പസിലിരുന്ന് കഴിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അച്ചടക്കലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പത്തു ദിവസത്തിനകം പിഴയൊടുക്കണമെന്നും അല്ലായെങ്കിൽ കൂടുതൽ ശക്തമായ നടപടിയുണ്ടാവുമെന്നുമാണ് അറിയിപ്പ്.
