ജെഎന്‍യു സമരനായകന്‍ കനയ്യകുമാറിന് ഡോക്ടറേറ്റ് ലഭിച്ചു. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാറിന് ഡോക്ടറേറ്റ്.
ദില്ലി: ജെഎന്‍യു സമരനായകന്‍ കനയ്യകുമാറിന് ഡോക്ടറേറ്റ് ലഭിച്ചു. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തിലാണ് കനയ്യകുമാറിന് ഡോക്ടറേറ്റ്. ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ ദേശീയശ്രദ്ധ നേടിയ കനയ്യകുമാറിനെതിരെ സംഘപരിവാര്‍ പല വ്യാജ ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു. ജനങ്ങളുടെ പണം ചെലവഴിച്ച് കനയ്യകുമാര്‍ 11 വര്‍ഷമായി പഠിക്കുകയാണെന്നും പിഎച്ച്ഡിയുടെ പരീക്ഷകളില്‍ 11 തവണ കനയ്യകുമാര്‍ പരാജയപ്പെട്ടെന്നും സംഘപരിവാര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കനയ്യകുമാര്‍ ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ്.
2016 ഫെബ്രുവരിയിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റായിരിക്കെ പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ നടന്ന പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതോടെയാണ് കനയ്യ കുമാര്‍ ദേശീയശ്രദ്ധ നേടിയത്. യോഗത്തിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി എന്നായിരുന്നു കനയ്യക്കെതിരെ പരാതി നൽകിയ എബിവിപിയുടെ ആരോപണം. ഇതിനെ തുടര്‍ന്ന് രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് കനയ്യ കുമാറിനെ തിഹാർ ജയിലിലടയ്ക്കുകയായിരുന്നു.
കനയ്യക്കെതിരായ നടപടി കേന്ദ്രസർക്കാരിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതാണ് പിന്നീട് കണ്ടത്. ഇന്ത്യയെമ്പാടുമുള്ള കാമ്പസുകളിൽ പ്രതിഷേധസമരങ്ങൾ ഉണ്ടായി. വിദ്യാർത്ഥികളും അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും വിവിധ പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും സാഹിത്യ സാംസ്കാരിക പ്രവർത്തകരുമെല്ലാം തെരുവിലിറങ്ങിയും പ്രസ്താവനകളിലൂടെയും പ്രതിഷേധിച്ചു. അഫ്സൽ ഗുരു നിരപരാധിയാണെന്നും എന്നാൽ താൻ രാജ്യദ്രോഹമുദ്രാവാക്യങ്ങൾ വിളിച്ചിട്ടില്ലെന്നും കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കനയ്യ കോടതിയിൽ അറിയിച്ചു.
കനയ്യക്കെതിരായ തെളിവായി എബിവിപി നൽകിയ വീഡിയോ വ്യാജമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ദില്ലി സർക്കാർ നിയോഗിച്ച ഫോറൻസിക് സംഘമായിരുന്നു വീഡിയോ പരിശോധിച്ചത്. വീഡിയോയിലെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ കനയ്യയെ കുടുക്കാൻ എഡിറ്റ് ചെയ്ത് ചേർത്തതാണ് എന്ന് അന്വേഷണത്തിൽ വെളിവായി. ജയിൽ മോചിതനായ കനയ്യ കക്ഷിഭേദമന്യേ കേന്ദ്രസർക്കാരിനും സംഘപരിവാറിനും എതിരായ ഇടത് വിദ്യാർത്ഥി, യുവജന പ്രക്ഷോഭങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ്.
