ദില്ലി: ജവഹര്‍ലാല്‍ നെഹ്‍റു സര്‍വകലാശാലയില്‍ നിന്നും കാണാതായ റിസര്‍ച്ച് ഫെലോ മുകുള്‍ ജെയിനെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് പൊലീസ്. ഇയാള്‍ ഗംഗയില്‍ മുങ്ങാനായി പാട്‌നയിലേയ്‌ക്ക് പോയതാണെന്നും കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയെന്നും പോലീസ് അറിയിച്ചു. സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ ഗവേഷക വിദ്യാര്‍ത്ഥിയായ മുകുള്‍ ജെയിനെ തിങ്കളാഴ്ച ഉച്ചയോടെയാണ് കാണാതായത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഇയാള്‍ തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12.30ന് ക്യാമ്പസിന്റെ ഗേറ്റ് കടന്നുപോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇയാളുടെ പേഴ്‌സും മൊബൈല്‍ ഫോണും ലാബില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. ഏറെ വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. എന്നാല്‍ തിങ്കളാഴ്ച ക്യാമ്പസില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ നേരെ പാറ്റ്നയിലേക്ക് തിരിക്കുകയായിരുന്നു. ദില്ലിയില്‍ നിന്നും നിന്നും ട്രെയിന്‍മാര്‍ഗം പാറ്റ്‍നയിലെത്തി ഒരു ദിവസം അവിടെ ചിലവഴിച്ചു. പിന്നീട് വ്യാഴാഴ്ച വീട്ടിലെത്തുകയും ചെയ്തു. ഇതോടെ ബന്ധുക്കള്‍ ഇയാള്‍ തിരിച്ചെത്തിയെന്ന് പൊലീസിനെ അറിയിച്ചു.
ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ നജീബിനെ ഹോസ്റ്റലില്‍ നിന്നും 2016 ഒക്‌ടോബറില്‍ കാണാതായിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹോസ്റ്റലില്‍ നജീബിനെ മര്‍ദിച്ചതിനു പിന്നാലെയായിരുന്നു തിരോധാനം. നജീബിനെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു കാമ്പസിലും ഡല്‍ഹിയിലും പ്രതിഷേധം നടക്കുന്നതിനിടെയാണ് മറ്റൊരു വിദ്യാര്‍ത്ഥിയെക്കൂടി കാണാതായത്.
