രക്ഷിതാക്കളുടെ പരാതിയിൽ തട്ടികൊണ്ടുപോകലിന്​ വസന്ത്​കുഞ്ച്​ പൊലീസിൽ കേസെടുത്തിട്ടുണ്ട്​. 

ദില്ലി: നജീബ്​ അഹമ്മദിന്​ പിന്നാലെ ജെഎൻയു കാമ്പസിൽ നിന്ന്​ മറ്റൊരു ഗവേഷക വിദ്യാർഥിനിയുടെ തിരോധാനം. പൂജ കസ്​ന എന്ന 25കാരിയായ ഗവേഷകയെയാണ്​ കാമ്പസിൽ നിന്ന്​ കാണാതായത്​. ഇതുസംബന്ധിച്ച്​ രക്ഷിതാക്കളുടെ പരാതിയിൽ തട്ടികൊണ്ടുപോകലിന്​ വസന്ത്​കുഞ്ച്​ പൊലീസിൽ കേസെടുത്തിട്ടുണ്ട്​. കാമ്പസിലെ ഷിപ്ര ഹോസ്​റ്റലിലെ അന്തേവാസിയാണ്​ കസ്​ന.

കാണാതായതുമുതൽ ഫോൺ സ്വിച്ച്​ ഒാഫ്​ ആണ്​. ഗാസിയാബാദിന്​ സമീപം താമസിക്കുന്ന രക്ഷിതാക്കൾ അവസാനം മകളുമായി സംസാരിച്ചത്​ കഴിഞ്ഞ പത്തിനാണ്​. രാത്രി ഭക്ഷണം കഴിച്ച്​ ഹോസ്​റ്റൽ റൂമിലേക്ക്​ മടങ്ങുകയാണെന്നാണ്​ കസ്​ന അന്ന്​ രക്ഷിതാക്കളോട്​ പറഞ്ഞത്​. പിന്നീട്​ ഫോണിൽ ലഭിക്കാതെ വന്നതോടെ രക്ഷിതാക്കൾ ദില്ലിയില്‍ എത്തിയ​പ്പോള്‍ ഹോസ്​റ്റൽ റൂം പൂട്ടിയ നിലയിലായിരുന്നു. രണ്ട്​ ദിവസമായി റൂം അടഞ്ഞുകിടക്കുകയാണെന്നും കസ്​ന വീട്ടിൽ പോയതാണെന്ന്​ കരുതിയതായും ഹോസ്​റ്റലിലെ ഏതാനും വിദ്യാർഥികൾ രക്ഷിതാക്കളോട്​ പറഞ്ഞു. രക്ഷിതാക്കൾ കസ്​നയുടെ സുഹൃത്തുക്കളുമായി സംസാരിച്ചെങ്കിലും അവർക്കും വിവരങ്ങളൊന്നുമില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

കസന്​യുടെ ഫോൺ വിവരങ്ങൾക്കായി കാത്തുനിൽക്കുകയാണ്​ അന്വേഷണ സംഘം. സുഹൃത്തുക്കളുമായും ബന്ധപ്പെട്ടുവരികയാണെന്നും പൊലീസ്​ പറഞ്ഞു. എന്താണ്​ സംഭവിച്ചതെന്ന്​ വിശദീകരിക്കാൻ സർവകലാശാല അധികൃതർക്കുമായിട്ടില്ല. അടുത്തകാലത്തായി ജെഎൻയു ​ഹോസ്​റ്റലിൽ നിന്ന്​ കാണാതാകുന്ന രണ്ടാമത്തെയാളാണ്​ കസ്​ന.

എ.ബി.വി.പി പ്രവർത്തകരുമായ തർക്കമുണ്ടയ ഒന്നാം വർഷ എം.എസ്​സി ബയോടെക്​നോളജി വിദ്യാർഥി നജീബ്​ അഹമ്മദിനെ 2016 ഒക്ടോബർ 15 മുതൽ കാമ്പസിൽ നിന്ന്​ കാണാതിയിരുന്നു. വിവാദമായ കേസ്​ ഇപ്പോൾ സി.ബി.​ഐ അന്വേഷണത്തിലാണ്​. കേസന്വേഷണത്തിൽ ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല