ജെഎന്‍യു വിദ്യാര്‍ഥിനികള്‍ക്ക് ലൈംഗിക അധിക്ഷേപം: അധ്യാപകന് സമന്‍സ്
ദില്ലി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥിനികളെ ലൈംഗികമായി അപമാനിച്ചെന്ന കേസിൽ അദ്ധ്യാപകന് സമൻസ്. സർവ്വകലാശാലയിലെ ജീവശാസ്ത്ര അദ്ധ്യാപകനായ അതുൽ ജൊഹ്റിക്കൊതിരെയാണ് വിദ്യാർത്ഥിനികളുടെ പരാതി. അദ്ധ്യാപകൻ ലൈംഗികമായി അപമാനിച്ചതായി ഏഴ് വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകി.
ഒമ്പത് വിദ്യാർത്ഥിനികളാണ് അദ്ധ്യാപകൻ ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. പഠിപ്പിക്കുന്നതിനിടയിൽ വിദ്യാർത്ഥിനികളുടെ വസ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ചെന്നും അപമര്യാദയായി സ്പർശിച്ചെന്നുമാണ് പരാതി.
വിദ്യാർഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ ദില്ലി പൊലീസ് കേസെടുത്തിരുന്നു. ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് അധ്യാപകന് നിർദ്ദേശം നൽകിയതായി ദില്ലി പൊലീസ് അറിയിച്ചു.
ഏഴ് വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മറ്റു രണ്ടുപേരുടെ മൊഴി തിങ്കളാഴ്ച്ച രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരായ വിദ്യാർഥിനികൾ കഴിഞ്ഞ ദിവസം സർവ്വകലാശാലയിൽ പ്രതിഷേധപ്രകടനം നടത്തുകയും വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷൻ ഖരാവോ ചെയ്യുകയും ചെയ്തിരുന്നു.
