കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി സൗദി തൊഴില്‍ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സഹകരണ കരാറില്‍ ഒപ്പുവെച്ചു. തൊഴില്‍ പരിശീലനം നല്‍കാനും പ്രത്യേക ഓണ്‍ലൈന്‍പോര്‍ട്ടല്‍ ആരംഭിക്കാനും തീരുമാനമായി.
തൊഴില്‍ സാമൂഹിക കാര്യ മന്ത്രി മുഫ്രിജ് അല്‍ഹഖബാനിയും ആരോഗ്യ മന്ത്രി തൗഫീഖ് അല്‍റബീഉമാണ് കഴിഞ്ഞ ദിവസം സഹകരണ കരാറില്‍ ഒപ്പുവെച്ചത്. ആരോഗ്യമേഖലയില്‍ കൂടുതല്‍ സൗദികള്‍ക്കു ജോലി കണ്ടെത്തുകയാണ് ലക്ഷ്യം. പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ പരമാവധി സൌദികളെ ജോലിക്ക് വെക്കും. ഈ മേഖല അമിതമായി വിദേശികളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കും. സൗദി ഡോക്ടര്‍മാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫിനും തൊഴില്‍ പരിശീലനം നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്. തൊഴിലന്വേഷിക്കുന്ന സൗദികള്‍ക്കു രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കും. ആരോഗ്യ മേഖലയിലെ സൗദിവല്‌ക്കരണം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു സമിതി രൂപീകരിക്കും. തൊഴില്‍ ആരോഗ്യ മന്ത്രാലയങ്ങള്‍, പൊതു സ്വകാര്യ മേഖലകള്‍ എന്നിവയുടെ പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങള്‍ ആയിരിക്കും. അതേസമയം ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 693,784 സൗദികള്‍ തൊഴില്‍രഹിതരാണ്. ഇതില്‍ 439,676 പേര്‍ വനിതകള്‍ ആണ്. തൊഴില്‍ രഹിതരായ സൌദികളില്‍ മുപ്പത്തിയൊമ്പത് ശതമാനവും ഇരുപതിയഞ്ചിനും ഇരുപത്തിയൊമ്പതിനും ഇടയില്‍ പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ എഴുപത്തിരണ്ട് ശതമാനവും വിദേശികള്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
