ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായി പരാതി, മലയാളികള്‍ ഗള്‍ഫിലെ ജയിലില്‍

തിരുവനന്തപുരം: മയക്കുമരുന്ന് സംഘത്തിന്‍റെ കെണിയിൽ പെട്ട് ഗൾഫിലെ ജയിലിൽ കൂടുതൽ മലയാളികൾ കുടുങ്ങിയതായി പരാതി. പെരുമ്പാവൂ‍ർ സ്വദേശി ശരത് എന്ന യുവാവ് ജയിലിലായെന്ന പരാതിയുമായി അമ്മ രമ രംഗത്തെത്തി. ജയിലിൽ അകപ്പെട്ട മൂന്ന് യുവാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമ്മമാർ നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

എരുമേലി സ്വദേശി കെവിൻ മാത്യു, എറണാകുളത്തു നിന്നുള്ള ആഷിഖ്, ചെങ്ങന്നൂർ സ്വദേശി ആദിത്യമോഹൻ ഇവർ മൂന്നുപേരും ജയിലിലായ വാർത്ത കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇവർക്കൊപ്പമാണ് ശരത് ജയിലിൽ കുടുങ്ങിയത്. നാലുപേരും ഖത്തറിലെ ജയിലിലാണ്. കഴിഞ്ഞ ഫെബ്രുവരി -മാർച്ച് മാസങ്ങളിലാണ് വ്യത്യസ്ത ദിവസങ്ങളിൽ ഇവർ വിദേശത്തേക്കു പോയത്. 

കാസര്‍കോഡ് സ്വദേശികളായ ഷാനി, റഷീദ് എന്നീ ഏജന്‍റുമാരാണ് നാലുപേരെയും ഗൾഫിലേക്ക് കൊണ്ടുപോയത്. 15000 രൂപ വീതം നൽകിയെന്നും യാത്ര ചിലവുകൾ ഏജന്‍റുമാർ വഹിക്കുമെന്നായിരുന്നു വാഗ്ദാനമെന്നും അമ്മമാർ പറയുന്നു. പക്ഷെ മക്കൾ ജയിലിൽ അകപ്പെട്ടതിനു ശേഷം ഏജന്‍റുമാർ മുങ്ങിയെന്നാണ് പരാതി. മോചനത്തിനായി ഈ അമ്മമാർ കയറി ഇറങ്ങാത്ത ഓഫീസുകളുമില്ല.