കണ്ണൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കണ്ണൂർ സ്വദേശിയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയില്‍ ജോലിവാങ്ങി നല്‍കാമെന്ന് പറഞ്ഞ് 12 യുവാക്കളില്‍നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കണ്ണൂർ കുന്പളത്താനം സ്വദേശി സിജോ ജോണിനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന സിജോയെ രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പൊന്നുരുന്നിയിലെ വാടക വീട്ടില്‍ വച്ചാണ് പിടികൂടിയത്.

കോട്ടയം എറണാകുളം ജില്ലകളില്‍ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പുകളെല്ലാം. യുവാക്കളാണ് ഇയാളുടെ തട്ടിപ്പുകള്‍ക്കെല്ലാം ഇരയായത്. പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.