ജിദ്ദ: സൗദിയില്‍ വിദേശികള്‍ക്കുള്ള തൊഴിലവസരങ്ങള്‍ വന്‍ തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ആശ്രിത ലെവി പ്രാബല്യത്തില്‍ വന്നതിനു ശേഷം തൊഴില്‍ മേഖലയില്‍ വിദേശ വനിതകളുടെ എണ്ണം കുറഞ്ഞു. ഷോപ്പിങ് മാളുകളില്‍ സ്വദേശിവത്കരണത്തിന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചതായി സൗദി തൊഴില്‍ മന്ത്രി അറിയിച്ചു.

പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം രാജ്യത്ത് വന്‍തോതില്‍ കുറയുന്നതായി ഇത് സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രം 1,61,500 വിദേശ തൊഴിലാളികള്‍ കുറഞ്ഞു. ആശ്രിത വിസയില്‍ ഉള്ളവര്‍ക്ക് പുതിയ ലെവി പ്രാബല്യത്തില്‍ വന്നതിനു ശേഷം വിദേശ വനിതകള്‍ വന്‍ തോതില്‍ തിരിച്ചു പോകാന്‍ തുടങ്ങിയതായും, അതുകൊണ്ട് തന്നെ വിദേശ വനിതാ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായും ജദ് വ ഇന്‍വെസ്റ്റ്‌മെന്‍റ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഈ കാലയളവില്‍ സ്വകാര്യ മേഖലയില്‍ 28,900 സൗദി ജീവനക്കാര്‍ വര്‍ധിച്ചു. ഇതില്‍ നാല്പത് ശതമാനവും സൗദി വനിതകളാണ്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ 16 ശതമാനം കുറഞ്ഞു.

ഈ വര്‍ഷം ആദ്യത്തെ ആറു മാസത്തിനിടയില്‍ ജോലി ലഭിച്ചത് 92,300 സൗദികള്‍ക്കാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ജോലി ലഭിച്ചത് 52,000 പേര്‍ക്ക് മാത്രമായിരുന്നു. അടുത്ത ജൂണ്‍ മാസത്തില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതോടെ കൂടുതല്‍ സൗദി വനിതകള്‍ തൊഴില്‍രംഗത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം ധനകാര്യം, വാണിജ്യം, വ്യവസായം, സേവനം എന്നീ മേഖലകളില്‍ പൂര്‍ണമായും സൗദിവല്‍ക്കരണം കൊണ്ടു വരാനാണ് നീക്കമെന്ന് തൊഴില്‍ മന്ത്രി അലി അല്‍ ഗഫീസ് പറഞ്ഞു. സ്വദേശിവത്കരണത്തിന്‍റെ തോത് ഓരോ ആഴ്ചയിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഷോപ്പിങ് മാളുകളില്‍ സ്വദേശിവത്കരണത്തിന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചതായും തൊഴില്‍മന്ത്രി അറിയിച്ചു. ഷോപ്പിങ് മാളുകളില്‍ ഇതുവരെ 80 ശതമാനം ജോലികളും സൗദിവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.