ഹൈദരാബാദ്: മാനസ്സിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ടെക്കി മൂന്നാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 3.45നായിരുന്നു സംഭവം. 42കാരനായ കെ രവികുമാറാണ് സെക്കന്തരാബാദിലെ ഫ്ളാറ്റില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തത്. അപകടത്തെ തുടര്‍ന്ന് ജോലി നഷ്ടമായി അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയ രവി കുമാര്‍ മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഭാര്യയും രവികുമാറും എപ്പോഴും വഴക്കാണ്. ഇരുവര്‍ക്കും കുട്ടികളില്ല. ശനിയാഴ്ച രാവിലെയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ഭാര്യ ജോലിയ്ക്ക് പോയി. ഉച്ചയോടെ ഇയാള്‍ തന്‍റെ അപ്പാര്‍ട്ട്മെന്‍റിലെ ജനാലവഴി താഴേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ രവികുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യ കുറിപ്പുകളൊന്നു ഇയാളില്‍നിന്ന് കിട്ടിയിട്ടില്ലെന്നും പൊലീസ്.